Tuesday, May 18, 2021
Home Newsfeed ക്വാറന്റീനില്‍ പോവുന്ന തൊഴിലാളികള്‍ക്കുള്ള രോഗാവധി സംബന്ധിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം

ക്വാറന്റീനില്‍ പോവുന്ന തൊഴിലാളികള്‍ക്കുള്ള രോഗാവധി സംബന്ധിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം

ദോഹ: കോവിഡ് രോഗം ബാധിച്ച് ഐസൊലേഷനിലോ ക്വാറന്റീനിലോ കഴിയുന്ന ജീവനക്കാര്‍ക്കുള്ള രോഗാവധി സംബന്ധിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്നലെ മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നത്. രോഗബാധയുള്ളവരുടെ ഐസൊലേഷന്‍ കാലയളവ് രോഗാവധി ആയും സമ്പര്‍ക്കത്തില്‍ വന്നവരുടെ ക്വാറന്റീന്‍ കാലയളവ് വര്‍ക്ക് ഫ്രം ഹോം ആയും ആണ് പരിഗണിക്കുക എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളില്‍ പറയുന്നു.

രോഗബാധിതര്‍ക്കുള്ള നിബന്ധനകള്‍
കോവിഡ് പോസിറ്റീവാണെന്നും അത് പകരാന്‍ സാധ്യതയുള്ളതാണെന്നും ബോധ്യപ്പെട്ടാല്‍ 14 ദിവസത്തില്‍ കുറയാതെ ഐസൊലേഷനില്‍ പോവണമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, കോവിഡ് പോസിറ്റീവ് ആവുകയും പകരാന്‍ സാധ്യതയില്ലാത്ത കേസും ആണെങ്കില്‍ ഏഴ് ദിവസം ഐസൊലേഷന്‍ മതി. ഐസൊലേഷന്‍ കാലയളവില്‍ ഇഹ്തിറാസ് സ്റ്റാറ്റസ് റെഡ് ആയിരിക്കും. ഇഹ്തിറാസ് ആപ്പില്‍ റെഡ് ആയിരിക്കുന്ന കാലയളവ് മുഴുവന്‍ രോഗാവധി ആയി പരിഗണിക്കും. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ഐസൊലേഷന്‍ കാലം 14 ദിവസത്തില്‍ കൂടുകയും ചെയ്താല്‍ ആ കാലയളവ് മുഴുവന്‍ രോഗാവധിയായി കണക്കാക്കും.

രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍
പൂര്‍ണമായി വാക്‌സിനെടുക്കുകയോ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് ഭേദമാവുകയോ ചെയ്ത ജീവനക്കാരന്‍ (ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച്) രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, സമ്പര്‍ക്കത്തിന് ശേഷം കോവിഡ് ടെസ്റ്റ ഫലം നെഗറ്റീവ് ആയിരിക്കണം. ടെസ്റ്റ് ഫലം വരുന്നതു വരെ ഒരു ദിവസം സ്വയം ക്വാറന്റീനില്‍ കഴിയണം. അടുത്ത 14 ദിവസം എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം

വാക്‌സിനെടുക്കാത്തതോ മുമ്പ് രോഗം വരാത്തതോ ആയ ജീവനക്കാരന്‍ പകര്‍ച്ച സാധ്യതയുള്ള രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. പകരാന്‍ സാധ്യതയില്ലാത്ത രോഗിയുമായാണ് സമ്പര്‍ക്കത്തില്‍ വന്നതെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതി. ക്വാറന്റീന്‍ കാലയളവില്‍ ഇഹ്തിറാസ് മഞ്ഞ ആയിരിക്കും.

ക്വാറന്റീനില്‍ കഴിയുന്ന ജീവനക്കാര്‍ മുഴുവന്‍ കോവിഡ് രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് സ്വയം നിരീക്ഷണം. ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയായാല്‍ പിസിആര്‍ പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പ് വരുത്തി ജോലിയിലേക്കു മടങ്ങാം. ഈ സമയത്ത് ഇഹ്തിറാസ് ആപ്പ് പച്ചയായിരിക്കും. ഈ കാലയളവിനെ ക്വാറന്റീന്‍ കാലയളവ് എന്നാണ് പറയുക. ഇത് രോഗാവധിയായി കണക്കാക്കില്ല. പകരം വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലാണ് പരിഗണിക്കുക.

ജീവനക്കാര്‍ മുഴുവന്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉടന്‍ കോവിഡ് പരിശോധന നടത്തുകയും ഫലം വരുന്നതുവരെ സെല്‍ഫ് ഐസോലേഷനില്‍ ആക്കുകയും ചെയ്യണം.

ഐസൊലേഷനും ക്വാറന്റീനും
കോവിഡ് രോഗബാധിതന്‍ സൗകര്യപ്രദമായ വീട്ടിലോ ആരോഗ്യ കേന്ദ്രത്തിലോ രോഗം മറ്റുള്ളവരിലേക്ക് പകരില്ല എന്നുറപ്പ് വരുന്ന കാലയളവ് വരെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നതിനെയാണ് ഐസൊലേഷന്‍ എന്ന് പറയുക. സാധാരണ ഗതിയില്‍ ഇത് 14 ദിവസമാണ്. അതേ സമയം, കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ രോഗബാധയില്ല എന്ന് ഉറപ്പ് വരുന്നതുവരെ(പരമാവധി 14 ദിവസം) മറ്റുള്ളവരുമായി അകന്നു കഴിയുന്നതിനെയാണ് ക്വാറന്റീന്‍ എന്ന് വിളിക്കുക.
Qatar MoPH issues sick leave guidelines for quarantined employees
ALSO WATCH

Most Popular