Sunday, June 13, 2021
Home Gulf Qatar അല്‍ മീറയ്ക്ക് പിന്നാലെ ഖത്തറിലെ കൂടുതല്‍ ഷോപ്പിംഗ് സെന്ററുകളും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നു

അല്‍ മീറയ്ക്ക് പിന്നാലെ ഖത്തറിലെ കൂടുതല്‍ ഷോപ്പിംഗ് സെന്ററുകളും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നു

ദോഹ: ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിന് പിന്നാലെ കൂടുതല്‍ ഷോപ്പിംഗ് സെന്ററുകളും ഡെലിവറി ആപ്ലിക്കേഷനുകളും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു.

അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം . ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതിഷേധം മുസ്ലിം ലോകത്ത് ശക്തമാകവേയാണ് അല്‍ മീറയുടെ തീരുമാനം. കൊല്ലപ്പെട്ട ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ ബാറ്റെയുടെ അനുസ്മരണ വേളയില്‍ പ്രവാചക കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് മാക്രോണ്‍ സംസാരിച്ചിരുന്നു.
അല്‍ മീറക്ക് പിന്നാലെ അല്‍ റാവ്‌നാക് കമ്പനിയും സമൂഹമാധ്യമങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നും പിന്‍വലിക്കുന്നുയെന്ന് അറിയിച്ചു. ഒരു ദേശീയ കമ്പനി എന്ന നിലയില്‍ നമ്മുടെ യഥാര്‍ത്ഥ മതം, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു കാഴ്ചപ്പാടിന് അനുസൃതമായി, നമ്മുടെ രാജ്യത്തെയും വിശ്വാസത്തെയും സേവിക്കുന്ന തരത്തിലും ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന രീതിയിലുമായിരിക്കും നമ്മുടെ പ്രവര്‍ത്തനമെന്നും കമ്പനി പറഞ്ഞു.
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റും റീട്ടെയില്‍മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റും എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു.
അല്‍ മര്‍ഖിയയിലെ ഖത്തര്‍ ഷോപ്പിംഗ് കോംപ്ലക്സും അബു ഹാമൂരിലെ സൂക് അല്‍ ബാലഡിയും സമാനമായ പ്രഖ്യാപനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അല്‍-വാജ്ബ ഫാക്ടറിയും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബദല്‍ ഉല്‍പന്നങ്ങള്‍ നല്‍കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Most Popular