Monday, September 27, 2021
Home Newsfeed രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഖത്തറില്‍ നിന്ന് കൈക്കുഞ്ഞുമായി വരുന്ന മരുമകളെ കാത്ത് അബ്ദുല്‍ ഖയ്യൂം

രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഖത്തറില്‍ നിന്ന് കൈക്കുഞ്ഞുമായി വരുന്ന മരുമകളെ കാത്ത് അബ്ദുല്‍ ഖയ്യൂം

ദോഹ: ബന്ധുവിന്റെ ചതിയില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കുടുങ്ങിയ മുംബൈ ദമ്പതികള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ജയിലില്‍ വച്ച് പിറന്ന കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ശരിയായാല്‍ ഉടന്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുമെന്ന് അഡ്വ. നിസാര്‍ കോച്ചേരി പറഞ്ഞു.

രണ്ടു വര്‍ഷത്തിന് ശേഷം പേരക്കുട്ടിയുമായി വരുന്ന മകനെയും മരുമകളെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ശരീഖിന്റെ പിതാവ് അബ്ദുല്‍ ഖയ്യൂം. മകന്റെയും മരുമകളുടെയും മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തിരുന്നെങ്കിലും മയക്കുമരുന്ന് കേസില്‍ ഖത്തറിന്റെ നിലപാട് വളരെ കര്‍ശനമാണെന്ന് അറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. എന്നാല്‍, ദൈവാനുഗ്രഹത്താല്‍ കാര്യങ്ങളെല്ലാം ശുഭകരമായെന്ന് മുംബൈയില്‍ ഹോട്ടല്‍ നടത്തുന്ന അബ്ദുല്‍ ഖയ്യൂം പറഞ്ഞു.

മരുമകളുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അവള്‍ക്ക് ഒരു വാക്ക് പോലും തിരിച്ചു പറയാന്‍ കഴിഞ്ഞില്ല. കരച്ചില്‍ മാത്രമായിരുന്നു മറുതലയ്ക്കല്‍. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ തിരിച്ചുവരികയാണ്. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല- ഇന്ത്യാ ഗവണ്‍മെന്റിനും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ഖയ്യൂം പറഞ്ഞു.

എന്‍സിബി ദ്രുതഗതിയില്‍ എന്റെ സഹോദരിയെ(സഹോദരി കൊടുത്ത പാക്കറ്റില്‍ നിന്നാണ് ഖത്തര്‍ കസ്റ്റംസ് മയക്കു മരുന്ന് പിടികൂടിയത്) അറസ്റ്റ് ചെയ്യുകയും മയക്കു മരുന്ന് റാക്കറ്റ് പൊളിക്കുകയും ചെയതാണ് മക്കളുടെ മോചനത്തിന് വഴിതെളിച്ചത്. എന്‍സിബിയുടെ അന്വേഷണ റിപോര്‍ട്ട് ആണ് ആരാണ് യഥാര്‍ത്ഥ പ്രതികളെന്ന് ഖത്തര്‍ കോടതിയില്‍ തെളിയിക്കാന്‍ സഹായിച്ചത്. വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകളിലൂടെയും വളരെയധികം സഹായിച്ചു-അദ്ദേഹം പറഞ്ഞു.

മരുമകളെയും ജയിലില്‍ പിറന്ന പേരക്കുട്ടിയെയും സ്വീകരിക്കാന്‍ വലിയ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ബന്ധുക്കളെല്ലാം ഒത്തുചേരും. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍-അബ്ദുല്‍ ഖയ്യൂം പറഞ്ഞു.
ALSO WATCH

Most Popular