ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ പിസിആര്‍ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫികറ്റുമായി വരുന്നവരാണ്. അങ്ങനെ വരുന്നവര്‍ നാട്ടിലെ എയര്‍പ്പോര്‍ട്ടിലും സ്വന്തം ചിലവില്‍ വീണ്ടും പി സി ആര് ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്.
സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്നവര്‍ക്കും കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും പുതിയ നിര്‍ദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തു നിന്നും വരുന്നവര്‍ക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് PCR സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മാര്ഗ്ഗനിര്ദേശത്തിലുണ്ട്. അത്തരമൊരു സര്‍ട്ടിഫിക്കറ്റുമായി
നാട്ടില്‍ എയര്‍പോര്‍ട്ടില്‍ വരുന്നയാള്‍ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് നടത്തണം എന്ന നിയമം അനാവശ്യമാണ്. വിദേശത്തുള്ള മിക്ക എയര്‍പോര്‍ട്ടുകളിലും ടെസ്റ്റുകള്‍ സൗജന്യമായിരിക്കേ ഇവിടെ ചിലവ് സ്വന്തം പൗരന്മാരായ ആളുകള്‍ വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്.
ഒന്നുകില്‍ നാട്ടിലെ വിമാനത്താവളത്തില്‍ നിന്നുള്ള ടെസ്റ്റ് ഒഴിവാക്കുക
അല്ലെങ്കില്‍ ടെസ്റ്റ് പൂര്‍ണ്ണമായും സൗജന്യമാക്കുക. പ്രവാസികളെ പ്രയാസപ്പെടുത്തുന്ന നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എല്ലാ മേഖലകളിലും ഒരു കോവിഡ് മാനദണ്ഡം പോലും പാലിക്കപ്പെടാതെ മുന്നോട്ട് പോകുമ്പോള്‍ പ്രവാസികളോട് സര്ക്കാര്കള് വീണ്ടും ചിറ്റമ്മ നയം സ്വീകരിച്ചിരിക്കുകയാണെന്ന് പ്രസിഡണ്ട് സമീര്‍ ഏറാമല പ്രസ്താവനയില്‍ പറഞ്ഞു