Tuesday, September 21, 2021
Home Newsfeed സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഡിപിഎസ് വിദ്യാര്‍ഥിക്ക്

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഡിപിഎസ് വിദ്യാര്‍ഥിക്ക്

ദോഹ: ഈ വര്‍ഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലുമായി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി നിഹിത് അഗര്‍വാള്‍. 500ല്‍ 495 മാര്‍ക്കാണ് നിഹിതിന് ലഭിച്ചത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് നിഹിത്.

കെമിസ്ട്രിയില്‍ 100 ല്‍ 100 നേടിയ നിഹിതിന് ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ് വിഷയങ്ങളില്‍ 100ല്‍ 99 മാര്‍ക്ക് ലഭിച്ചു. സ്‌കൂളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച നിരന്തര പിന്തുണയാണ് തന്നെ ഈ നേട്ടത്തിന് അര്‍ഹനാക്കിയതെന്ന് നിഹിത് പറഞ്ഞു.

ഏഴാം തരം മുതല്‍ ഡിപിഎസ് വിദ്യാര്‍ഥിയായ നിഹിത് മുമ്പത്തെ എല്ലാ ക്ലാസുകളിലും ടോപ്പറായിരുന്നു. പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനാണ് നിഹിത് കാഴ്ച്ചവച്ചത്. സയന്‍സ് വിദ്യാര്‍ഥിയായ നിഹിതിന് യുഎസിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കംപ്യൂട്ടര്‍ സയന്‍സിലോ കംപ്യൂട്ടര്‍ എന്‍ജിനിയറിങിലോ ബിരുദമെടുക്കാനാണ് ആഗ്രഹം. ജെഇഇ മെയിന്‍സ് പരീക്ഷയില്‍ 99.914 ശതമാനം മാര്‍ക്ക് നേടിയ നിഹിത് ഇന്ത്യ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളിലുമായി ഒന്നാം റാങ്ക് ആയിരുന്നു.

പിതാവ് അജയ് കുമാര്‍ അഗര്‍വാള്‍ ഖത്തര്‍ പെട്രോളിയത്തില്‍ സീനിയര്‍ കോണ്‍ട്രാക്ട്‌സ് എന്‍ജിനീയറാണ്. വീട്ടമ്മയായ മാതാവ് പഠനത്തില്‍ ശക്തമായ പിന്തുണ നല്‍കുന്നു. സഹോദരന്‍ പ്രഗ്യാന്‍ ഡിപിഎസില്‍ ആറാം തരം വിദ്യാര്‍ഥിയാണ്.

നിഹിതിന്റെ ശ്രദ്ധേയമായ നേട്ടത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും ജീവനക്കാരും അഭിനന്ദനമറിയിച്ചു.

Most Popular