ദോഹ: ഖത്തറിന്റെ ബിഇന്‍ ചാനലിന് സൗദി അറേബ്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശം സ്ഥിരമായി പിന്‍വലിച്ച നടപടി ബുദ്ധിശൂന്യമെന്ന് ചാനല്‍ അധികൃതര്‍. 2018ല്‍ ബിഇന്‍ ചാനലിന്റെ ലൈസന്‍സ് പിന്‍വലിക്കുന്നതായി സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഫോര്‍ കോംപിറ്റീഷന്‍(ജിഎസി) പ്രഖ്യാപിച്ചിരുന്നു. ചാനലിനെതിരേ 10 ദശലക്ഷം റിയാല്‍ പിഴ ചുമത്തുകയും ചെയ്തു.
ചൊവ്വാഴ്ച്ച സൗദി അഡ്മിനിസിട്രേറ്റീവ് കോടതി ഇക്കാര്യം ശരിവച്ചതായി ജിഎസി അറിയിക്കുകയായിരുന്നു. ബിഇന്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള ജിഎസി ലക്ഷ്യമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ബിഇന്‍ പ്രതികരിച്ചു.
ബിഇന്‍ ചാനലിന്റെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണ് സൗദി നടപടി. ലോകത്തെ എല്ലാ സ്പോര്‍ട്സ് ചാനലുകളും ചെയ്യുന്ന രീതിയില്‍ ബിഇന്‍ സൗദിയില്‍ അതിന്റെ അവകാശങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ബുദ്ധിശൂന്യമായ നടപടിയാണ്-ബിഇന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ പ്രമുഖ മല്‍സരങ്ങളുടെ സംപ്രേക്ഷണ അവകാശം ബിഇന്‍ ചാനലിനാണെന്നിരിക്കേ സൗദി കായികപ്രേമികള്‍ ഇവ എങ്ങിനെയാണ് കാണുകയെന്ന ചോദ്യവും ചാനല്‍ ഉയര്‍ത്തി.
സൗദി അറേബ്യ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ബിഔട്ട്ക്യു എന്ന പൈറേറ്റഡ് ചാനലിന്റെ നടപടികളും ഖത്തര്‍ ചോദ്യം ചെയ്തു. ബിഇന്‍ ഉള്ളടക്കങ്ങള്‍ നിയമവിരുദ്ധമായി മോഷ്ടിച്ചാണ് ഈ ചാനല്‍ സംപ്രേക്ഷണം നടത്തുന്നത്.