Sunday, September 19, 2021
Home Gulf Qatar ഖത്തറില്‍ അര കോടിയിലേറെ രൂപയുടെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി നോര്‍ക്ക

ഖത്തറില്‍ അര കോടിയിലേറെ രൂപയുടെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തി നോര്‍ക്ക

ദോഹ: കോവിഡ് മഹാമാരിയില്‍ ദുരിതബാധിരായവരെ സഹായിക്കന്നതിന് ഖത്തറില്‍ നോര്‍ക്ക റൂട്സ് 58.20 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. നോര്‍ക്ക ഖത്തര്‍ ഡയറക്ടര്‍ സി വി റപ്പായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഭക്ഷണം, മരുന്ന്, വൈദ്യ പരിശോധന തുടങ്ങിയവയ്ക്ക് വേണ്ടിയാണ് നോര്‍ക്ക അര കോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഖത്തറില്‍ നോര്‍ക്ക റൂട്സ് ഹെല്‍പ് ലൈന്‍ ഏപ്രില്‍ ഒമ്പതിനാണ് തുടങ്ങിയത്. വിവിധ ആവശ്യങ്ങള്‍ക്കായി പ്രവാസികളില്‍ നിന്ന് 500ലധികം ഫോണ്‍ കോളുകള്‍ ദിനേന ലഭിച്ചതായി സിവി റപ്പായി അറിയിച്ചു.

അഞ്ചുപേര്‍ക്ക് പത്ത് ദിവസം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ 4820 കിറ്റുകള്‍ വിതരണം ചെയ്തു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള വിവിധ നടപടിക്രമങ്ങള്‍ ചെയ്തുകൊടുത്തു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍, ഖത്തറില്‍ ഇഹ്തിറാസ് ആപ്പ് മതിയെന്ന തീരുമാനം വന്നത് നോര്‍ക്കയുടെ ഇടപെടലിലൂടെയാണെന്നും റപ്പായി അവകാശപ്പെട്ടു.

അര്‍ഹരായ നിരവധി പ്രവാസികളെ വന്ദേ ഭാരത് മിഷനില്‍ മുന്‍ഗണന നല്‍കി നാട്ടിലയക്കാന്‍ സാധിച്ചു. ഖത്തറിലെ വിവിധ സംഘടനകള്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള അനുമതി വാങ്ങി കൊടുത്തു. നിര്‍ധനരായ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ മറ്റു സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നകായി അദ്ദേഹം അറിയിച്ചു.

സംസ്‌കൃതി ഖത്തറും കൈരളി ചാനലുമായി സഹകരിച്ചുള്ള ആദ്യ വിമാനം ജൂലൈ ആദ്യവാരം പുറപ്പെടും. കൂടുതല്‍ സൗജന്യ വിമാന സര്‍വിസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി വി റപ്പായി കൂട്ടിച്ചേര്‍ത്തു.


 

Most Popular