Saturday, July 31, 2021
Home Newsfeed സൂഖ് വാഖിഫില്‍ ഈത്തപ്പഴ മേള; 80ലേറെ ഫാമുകള്‍ പങ്കെടുക്കും

സൂഖ് വാഖിഫില്‍ ഈത്തപ്പഴ മേള; 80ലേറെ ഫാമുകള്‍ പങ്കെടുക്കും

ദോഹ: ഖത്തറിന്റെ പൈതൃക വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫില്‍ ആറാമത് ഈത്തപ്പഴ മേളയ്ക്ക് അടുത്തയാഴ്ച്ച തുടക്കമാവും. രണ്ടാഴ്ച്ച നീളുന്ന മേളയില്‍ ഇത്തവണ 80ലേറെ ഫാമുകള്‍ പങ്കാളികളാവും.

കാര്‍ഷിക മേഖലയെ സഹായിക്കുകയും പ്രാദേശിക ഈത്തപ്പഴ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള ഈത്തപ്പഴ ഉല്‍പ്പാദനത്തില്‍ പ്രോല്‍സാഹനം നല്‍കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം സൂഖ് വാഖിഫില്‍ പരിപാടികള്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തവണ മേളയ്ക്ക് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക മാര്‍ഗനിര്‍ദേശ വിഭാഗം മേധാവി അഹ്‌മദ് അല്‍ യാഫിഇ പറഞ്ഞു.

എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ രീതിയിലായിരിക്കും വിലനിലവാരമെന്ന് അദ്ദേഹം പറഞ്ഞു. ചൂട് കാലമായതിനാല്‍ വൈകീട്ട് 4 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം.

ഗുണനിലവാരമുള്ള ഈത്തപ്പഴം മാത്രമായിരിക്കും മേളയില്‍ അനുവദിക്കുക. ഈത്തപ്പഴം മൂപ്പെത്തിയതായിരിക്കണം, പ്രകൃതി ദത്തമായ രുചിയും മണവും ഉണ്ടായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഖലസ്, അല്‍ ശിശി, അല്‍ ഖനീസി, ബര്‍ഹി, ഇറാഖി, സില്‍ജി, സുര്‍ഫി, നബ്ത് സെയ്ഫ്, അല്‍ സവാഫി, ഖുര്‍ദി തുടങ്ങി വിവിധ ഇനം പ്രാദേശിക ഈത്തപ്പഴങ്ങള്‍ മേളയില്‍ ലഭ്യമാവും. ഉന്നത ഗുണനിലവാരമുള്ള പ്രാദേശിക ഫ്രഷ് ഈത്തപ്പഴം(റുതബ്) ആണ് മറ്റൊരു ആകര്‍ഷണം.

Most Popular