Saturday, July 24, 2021
Home Newsfeed ഖത്തറിലെ പേള്‍ സ്‌കൂള്‍ മൂന്നാമത്തെ കാംപസ് തുറന്നു

ഖത്തറിലെ പേള്‍ സ്‌കൂള്‍ മൂന്നാമത്തെ കാംപസ് തുറന്നു

ദോഹ: ഖത്തറിലെ പേള്‍ സ്‌കൂള്‍ അല്‍ മെശാഫിലെ ഉം ബിഷറില്‍ മൂന്നാമത്തെ കാംപസ് തുറന്നു. 23,000 ചതുരശ്ര മീറ്റര്‍ വിസ്താരത്തിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേള്‍ മോഡേണ്‍ സ്‌കൂള്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

90 ക്ലാസ്മുറികളില്‍ 16 എണ്ണം കെജി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നു. ആര്‍ട്ട്, മ്യൂസിക്, ഡാന്‍സ്, റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യ എന്നിവയ്ക്ക് വേണ്ടി 40 മുറികള്‍ നീക്കിവച്ചിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളും സ്മാര്‍ട്ട് വൈറ്റ്‌ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടിമീഡിയ സൗകര്യമുണ്ട്.
pearl modern school al mashaf campus pc

കെമിസ്ട്രി, ബയോളജി, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങള്‍ക്കായി ആധുനിക ലാബ് സൗകര്യവും പുതിയ കാംപസില്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പുസ്തക ശേഖരത്തോട് കൂടിയ രണ്ട് ലൈബ്രറികളും വലിയ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയവും പേള്‍ മോഡേണ്‍ സ്‌കൂളിലുണ്ട്.

ഫിറ്റ്‌നസ് ക്ലബ്ബ്, ഇന്‍ഡോര്‍ സ്വിമ്മിങ് പൂള്‍, ബാഡ്മിന്റന്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ മൈതാനം തുടങ്ങി സ്‌പോര്‍ട്‌സിന് വേണ്ടി മികച്ച സൗകര്യമാണ് സ്‌കൂളിലുള്ളത്. വിശാലമായ കഫ്റ്റീരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

2013ല്‍ അല്‍തുമാമയിലാണ് പേള്‍ സ്‌കൂള്‍ ആദ്യ കാംപസ് ആരംഭിച്ചത്. വെസ്റ്റ്‌ബേയിലാണ് രണ്ടാമത്തെ കാംപസ്. 2019 ജൂണ്‍ 26ന് അന്നത്തെ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ തറക്കല്ലിട്ട പുതിയ കാംപസ് 2021 ജനുവരിയിലാണ് പൂര്‍ത്തിയായത്. 2021-2022 അധ്യന വര്‍ഷത്തില്‍ കുട്ടികളെ സ്വീകരിക്കുന്നതിനായി പേള്‍ മോഡേണ്‍ സ്‌കൂള്‍ പൂര്‍ണ സജ്ജമാണ്. നിലവില്‍ കെജി മുതല്‍ 11 വരെ ക്ലാസുകളില്‍ നാനൂറിലേറെ പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇനിയും 2000ഓളം പേര്‍ക്ക് പ്രവേശനം നേടാനാവും.

പേള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സാം മാത്യു, ഡയറക്ടര്‍മാരായ സി മുഹമ്മദ് നിസാര്‍, മുഹമ്മദ് അല്‍ത്താഫ്, അഷ്‌റഫ് മഠത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Most Popular