Saturday, June 19, 2021
Home Gulf Qatar കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ ഹെല്‍ത്ത് കാര്‍ഡ് കരസ്ഥമാക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ ഹെല്‍ത്ത് കാര്‍ഡ് കരസ്ഥമാക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് ആവശ്യമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍(പിഎച്ച്‌സി) രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. കോവിഡ് വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കും. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരും എന്നാല്‍, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരുമായ ആളുകള്‍ ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് കരസ്ഥമാക്കണം- ഡോ. അല്‍ ബയാത്ത് പറഞ്ഞു. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ ആളുകളെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ബന്ധപ്പെടും. കോവിഡ് വാക്‌സിന്‍ സൗജന്യമാണ്. കുത്തിവയ്‌പ്പെടുക്കല്‍ നിര്‍ബന്ധമല്ല. എന്നാല്‍, സമൂഹത്തെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.

ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിന് തൊട്ടടുത്ത ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കുകയോ പിഎച്ച്‌സിസിയുടെ പുതിയ ആപ്പായ നര്‍ആകോമില്‍(Nar’aakom) രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍ അവഅബ്, അല്‍ഖോര്‍, അല്‍വജ്ബ, ലഅബീബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ഖൈല്‍, അല്‍തുമാമ, മുഐതര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കും.

65 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ബുക്ക് ചെയ്യാനും കാന്‍സല്‍ ചെയ്യാനും 4027 7077 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. രാവിലെ 7 മുതല്‍ രാത്രി 11 വരെ ഈ നമ്പര്‍ ലഭ്യമാവും.

Most Popular