Thursday, September 23, 2021
Home News International ഡാനിഷ് സിദ്ദീഖി തങ്ങളോട് അനുമതി തേടിയില്ല, മരിച്ചത് സൈന്യവുമായുള്ള വെടിവയ്പ്പിനിടെ: താലിബാന്‍

ഡാനിഷ് സിദ്ദീഖി തങ്ങളോട് അനുമതി തേടിയില്ല, മരിച്ചത് സൈന്യവുമായുള്ള വെടിവയ്പ്പിനിടെ: താലിബാന്‍

ദോഹ: ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് സൈന്യവുമായുള്ള വെടിവയ്പ്പിനിടെയെന്നും തങ്ങളുമായി ബന്ധപ്പെടാതെയാണ് അദ്ദേഹം പ്രദേശത്ത് റിപോര്‍ട്ടിങിന് എത്തിയതെന്നും താലിബാന്‍. താലിബാന്റെ ദോഹയിലുള്ള പൊളിറ്റിക്കല്‍ ഓഫിസ് വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ പോരാളികളാണ് ഡാനിഷ് സിദ്ദീഖിയെ കൊന്നതെന്ന് പറയാനാവില്ല. എന്ത്‌കൊണ്ടാണ് അദ്ദേഹം അവിടേക്ക് വരുമ്പോള്‍ ഞങ്ങളെ വിവരമറിയിക്കാതിരുന്നത്. ഞങ്ങളുടെ പ്രദേശത്തേക്ക് വരുമ്പോള്‍ വിരമറിയിക്കണമെന്ന് ഒന്നല്ല, പതല തവണ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. മുന്‍കൂട്ടി അറിയിക്കുകയാണെങ്കില്‍ ഞങ്ങള്‍ സുരക്ഷ ഒരുക്കും- സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

danish siddiqi with afgan soldiers
ഡാനിഷ് സിദ്ദീഖി അഫ്ഗാന്‍ സൈനികരോടൊപ്പം വിശ്രമിക്കുന്നു

എന്നാല്‍, അഫ്ഗാന്‍ സൈന്യത്തിന്റെ കൂടെയാണ് അദ്ദേഹം വന്നത്. സൈന്യത്തിന്റെ കൂടെ വരുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണോ, സായുധ സംഘമാണോ, മാധ്യമപ്രവര്‍ത്തകരാണോ എന്ന വ്യത്യാസമൊന്നുമുണ്ടാവില്ല. പരസ്പരമുള്ള വെടിവയ്പ്പിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതു കൊണ്ട് തന്നെ ആരുടെ വെടികൊണ്ടാണ് അദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ലെന്നും താലിബാന്‍ വക്താവ് അവകാശപ്പെട്ടു.

ഡാനിഷ് സിദ്ദീഖിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി എന്നായിരുന്നു നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നത്.

മൃതദേഹം വികൃതമാക്കുന്നത് ഞങ്ങളുടെ നയമല്ല
എന്നാല്‍, ഇക്കാര്യം സുഹൈല്‍ ഷഹീന്‍ നിഷേധിച്ചു. മൃതശരീരം വികൃതമാക്കുന്നത് സംബന്ധിച്ച ആരോപണം ഞങ്ങള്‍ പലതവണ നിഷേധിച്ചതാണ്. ഞങ്ങളെ താറടിച്ച് കാണിക്കാന്‍ അഫ്ഗാ സൈന്യം ചെയ്തതാവാം. മൃതദേഹം വികൃതമാക്കുന്നത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഏത് മാധ്യമപ്രവര്‍ത്തകര്‍ വന്നാലും നേരിട്ട് കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് താലിബാന്‍ സമ്മതിക്കുമോ എന്ന ചോദ്യത്തിന് സുഹൈല്‍ ഷഹീന്റെ മറുപടി ഇങ്ങിനെ ആയിരുന്നു.

ലോകത്തെ ഏത് മാധ്യമപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ പ്രദേശത്തേക്ക് വരാം. കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാം. വേണമെങ്കില്‍ അവരുടെ സ്ഥാപനത്തിന്റെ ശാഖ തുറക്കാം. എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് ബോധ്യപ്പെടാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 16ന് അഫ്ഗാന്‍ സൈനിക കമാന്‍ഡോകളൊടൊപ്പം താലിബാന്‍ അധീനപ്രദേശമായ സ്പിന്‍ ബോല്‍ദാക്കിലേക്ക് പോകുന്ന വഴിയാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്.

Most Popular