ദോഹ: കണ്ണൂര്‍ പാലത്തായിയിലെ ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സമരഭവനം സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ബ്ലോക്കുകളില്‍ പ്രതിഷേധം അരങ്ങേറി. കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേല് ഉടന്‍ കേസെടുക്കുക, പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പ്രതിയെ സഹായിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ പോസ്റ്ററുകള്‍ പിടിച്ചുകൊണ്ടായിരുന്നു ബ്രാഞ്ച് തലങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധം.
വിദ്യര്‍ഥിനി സ്വന്തം അധ്യാപകനാല്‍ പലതവണ പീഡിപ്പിക്കപെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷ പോലീസ് കൈക്കൊണ്ടത്. പോക്സോ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താതെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യം ലഭിക്കാന്‍ ഉതകുന്ന നിസ്സാരവകുപ്പുകളാണ് വളരെ വൈകി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കേസ് കൊടുത്തതോടെ ഇരയെ പോലീസ് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
പിതാവ് നഷ്ടപ്പെട്ട ഒരു മകളുടെ ദുരന്തപൂര്‍ണമായ ഒരവസ്ഥയില്‍ നിസഹായയായ ഒരമ്മയ്ക്ക് നീതി കിട്ടുന്നതുവരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി അഹ്മദ് കടമേരി പ്രഖ്യാപിച്ചു.