ദോഹ: തുര്‍ക്കിയില്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ വ്യവസായിയെയും സുഹൃത്തിനെയും പോലീസ് രക്ഷപ്പെടുത്തി. അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് അക്രമി സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ നിന്ന് ഫെബ്രുവരി ഒന്നിനാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
വ്യവസായിയെ മോചിപ്പിക്കാന്‍ നാല് ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും എന്നാല്‍ കുടുംബം പകുതി സംഖ്യ കൈമാറിയതായും റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ സംഖ്യയും കൈമാറിയില്ലെങ്കില്‍ ബിസിനസ്സുകാരനെ സിറിയയിലേക്ക് കടത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
തട്ടിപ്പു സംഘത്തിന്റെ കേന്ദ്രത്തിലെത്തിയ പോലീസ് ഒന്‍പത് പേരില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാക്കി നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി പോലീസിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തട്ടിക്കൊണ്ടുപോയവരെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.