Thursday, September 23, 2021
Home Newsfeed വ്യാജ സ്‌കൂള്‍ നിര്‍മാണത്തിന്റെ പേരില്‍ ഖത്തര്‍ വ്യവസായിയില്‍ നിന്ന് 10 ലക്ഷം ഡോളര്‍ തട്ടി

വ്യാജ സ്‌കൂള്‍ നിര്‍മാണത്തിന്റെ പേരില്‍ ഖത്തര്‍ വ്യവസായിയില്‍ നിന്ന് 10 ലക്ഷം ഡോളര്‍ തട്ടി

ദോഹ: ഖത്തറില്‍ സ്‌കൂള്‍ നിര്‍മിക്കാനെന്ന വ്യാജേന ഖത്തരി വ്യാപാരിയില്‍ നിന്ന് 1.1 ദശലക്ഷം ഡോളര്‍ തട്ടിയ ആറു പേര്‍ക്കെതിരേ അമേരിക്കന്‍ കോടതി കുറ്റം ചുമത്തി. റേ ഹഷ്പപ്പി എന്ന പേരില്‍ അറിയപ്പെടുന്ന പ്രമുഖ നൈജീരിയന്‍ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയും പ്രതികളില്‍ ഉള്‍പ്പെടുന്നതായി യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

കേസില്‍ റാമണ്‍ ഒലുറന്‍വ അബ്ബാസ(റേ ഹഷ്പപ്പി) എന്ന 37 വയസ്സുള്ള നൈജീയക്കാരനും ലോകത്തെ അറിയപ്പെടുന്ന കള്ളപ്പണ ഇടപാടുകാരനും ലോസാഞ്ചലസിലെ യുഎസ് അറ്റോണി ഓഫിസില്‍ വച്ച് ഈ വര്‍ഷം ഏപ്രിലില്‍ കുറ്റസമ്മതം നടത്തിയതായി രേഖകള്‍ പറയുന്നു.

ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റുണ്ടാക്കിയം സംഘം ബാങ്ക് ഉദ്യോഗസ്ഥര്‍, ലോണ്‍ സംഘടിപ്പിക്കുന്ന ഇടനിലക്കാര്‍ തുടങ്ങിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ഖത്തരി വ്യാവസായിയില്‍ നിന്ന് പണം തട്ടിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹഷ് പപ്പി ദുബയില്‍ അറസ്റ്റിലായത്. ഖത്തരി ബിസിനസുകാരന് പുറമേ മറ്റ് നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ പണം തട്ടിയിരുന്നു.

തട്ടിപ്പുകാരില്‍ മൂന്നു പേര്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരും മൂന്നു പേര്‍ ആഫ്രിക്കക്കാരുമാണ്. കെനിയക്കാരനായ അബ്ദുല്‍ അറഹ്‌മാന്‍ ഇംറാന്‍ ജുമ, നൈജീരിയക്കാരനയ കെല്ലി ചിബുസോ വിന്‍സന്റ് എന്നിവരുമായി ചേര്‍ന്നാണ് ഹഷ് പപ്പി കെണിയൊരുക്കിയതെന്ന് യുഎസ് അറ്റോണി ട്രേസി എല്‍ വില്‍കിന്‍സണ്‍ അറിയിച്ചു.

ജുമ ആണ് ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുന്നയാളുടെ വേഷത്തില്‍ എത്തിയത്. ന്യൂയോര്‍ക്കിലെ വെല്‍സ് ഫാര്‍ഗോ ബാങ്ക് ഉടമയായ മാലിക് എന്ന പേരിലാണ് ഹഷ് പപ്പി പ്രത്യക്ഷപ്പെട്ടത്. ഖത്തറില്‍ നിര്‍മിക്കുന്ന സ്‌കൂളിനെക്കുറിച്ചുള്ള വ്യാജ കഥകള്‍ ഖത്തരി വ്യാപാരിയെ പറഞ്ഞു വിശ്വിസിപ്പിച്ചത് വിന്‍സന്റ് ആണ്.

ബ്രൂക്ക്‌ലിനിലെ യൂസുഫ് അദെകിന്‍ക് അനിഫോവോഷെ(26), ന്യൂയോര്‍ക്കിലെ റുകായത്ത് മൗതുന്റായ ഫഷോല(28), ന്യൂ ജഴ്‌സിയിലെ ബൊലാറ്റിറ്റോ തവക്കല്‍തു അഗ്ബാബിയാക(34) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ജൂലൈ 22ന് എഫ്ബിഐ ആണ് ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കിടയിലുണ്ടായ ആഭ്യന്തര തര്‍ക്കമാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്. സംഘത്തില്‍പ്പെട്ട വിന്‍സന്റ് ഖത്തരി വ്യാപാരിയെ വിളിച്ച് സംഭവം തട്ടിപ്പാണെന്ന് അറിയിക്കുകയായിരുന്നു.

Most Popular