ദോഹ: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രവാസി ഭാരതിയ സമ്മാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്ത്തകന് ഡോ. മോഹന്‍ തോമസും. വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ സാന്നിധ്യം വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്താണു അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് 16ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തത്.
ബഹളങ്ങളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് താങ്ങുനല്‍കി സഹജീവി സ്നേഹത്തിന്റെ പ്രതീകമായി മാറിയ ഡോ. മോഹന്‍ തോമസിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. കോവിഡ് കാലത്ത് ലോകം മുഴുവന്‍ പരിഭ്രാന്തരായ വേളയില്‍ ഖത്തറിലും ഖത്തറിനു പുറത്തും മനുഷ്യ നന്മയുടെ പ്രതീകമായി മാറിയിരുന്നു ഡോ. മോഹന്‍ തോമസ്. ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുത്തും നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായും ഈ ഇഎന്‍ടി ഡോക്ടര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കുന്നതിന് രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. ഖത്തറില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് വിവിധ മേഖലകളിലെ തന്റെ സ്വാധീനം ഉപയോഗിച്ച് പിന്തുണ നല്‍കിയിരുന്നു. ബന്ധുക്കള്‍ മരിച്ചത് മൂലവും മറ്റും നാടണയാന്‍ പ്രയാസപ്പെട്ട നിരവധി പേരാണ് ഡോ. മോഹന്‍ തോമസിന്റെ സഹായത്തില്‍ അവസാന നിമിഷം വിമാനത്തില്‍ ഇടംനേടിയത്.
ഖത്തറിലെ ആയിരക്കണക്കിന് കോവിഡ് ദുരിതബാധിതര്‍ക്ക് ഭക്ഷണവും ടിക്കറ്റും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുത്ത എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഖത്തറിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. മോഹന്‍ തോമസിന്റെ ജനകീയ അംഗീകാരത്തിന് തെളിവാണ്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതിയെന്ന് കേരള സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹന്‍ തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.
ഖത്തറിന് പുറത്തും ദുരിതമനുഭവിക്കുന്നവര്‍ക്കായി ഡോ. മോഹന്‍ തോമസിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടിരുന്നു. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താല്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന നാലു മലയാളി വിദ്യാര്‍ഥിനികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെ 18 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു. അര്‍മീനിയയില്‍ രണ്ടുമാസത്തോളം കുടുങ്ങിക്കിടന്ന അഞ്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് പിന്നിലും അദ്ദേഹം ഇടപെട്ടിരുന്നു. സൗദിയില്‍ കൊവിഡ് മൂര്‍ഛിച്ചിട്ടും ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ട മലയാളിക്ക് എംബസി വഴി ഇടപെടല്‍ നടത്തി ചികില്‍സാ സൗകര്യവും നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ ഇടംകണ്ടെത്താനും ഡോ. മോഹന്‍ തോമസ് മുന്നില്‍ നിന്നു.
ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ ഇഎന്‍ടി സര്ജന് കൂടിയായ ഡോ. മോഹന്‍ തോമസ് നിരവധി ജീവകാരുണ്യ സംഘടനകളുടെ സ്ഥാപകന്‍ കൂടിയാണ്. എറണാകുളം സ്വദേശിയായ അദ്ദേഹം ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്, കെ സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്, സെര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്, കേരളത്തില്‍ സൗജന്യ ചികില്‍സ നല്കുന്ന ശാന്തി ഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ബിര്‍ള പബ്ലിക് സ്കൂളിന്റെ സ്ഥാപക ചെയര്മാന് കൂടിയാണ്.