Sunday, September 19, 2021
Home Gulf Qatar വന്ദേ ഭാരത് മിഷന്‍: തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മുന്തിയ പരിഗണന നല്‍കണം- പ്രവാസി കോഡിനേഷന്‍ കമ്മിറ്റി

വന്ദേ ഭാരത് മിഷന്‍: തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മുന്തിയ പരിഗണന നല്‍കണം- പ്രവാസി കോഡിനേഷന്‍ കമ്മിറ്റി

ദോഹ: കോവിഡിന്റെ പശ്ചാതലത്തില്‍ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍ പദ്ധതിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് ഖത്തറിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി സംഘടന കോര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. തൊഴില്‍ നഷ്ടപ്പെട്ട് പലരും മാസങ്ങളായി റൂമിലിരിക്കുകയാണ്. സാമ്പത്തികമായും ശാരീരികമായും വലിയ ദുരിതം അനുഭവിക്കുന്ന നിരവധി ആളുകളാണ് ഇക്കൂട്ടത്തിലുള്ളത്.

രോഗികള്‍, പ്രായകൂടുതലുള്ളവര്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഖത്തറില്‍ ഇതിനകം നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്രയും ആളുകളെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് മാനുഷികമായ ഇടപെടല്‍ ഉണ്ടാകണമെന്ന് നിവേദനം ആവശ്യപ്പെട്ടു.

എംബസി പ്രസിദ്ധീകരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ യാത്രക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ നേരിടുന്ന നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍കാരുകളുടെ സജീവ പരിഗണന ഉണ്ടാകണമെന്ന് യോഗം ആവഷ്യപ്പെട്ടു.

യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരി, എസ് എ എം ബഷീര്‍, കെ സി അബ്ദുല്ലത്തീഫ്, സമീര്‍ ഏറാമല, കെ അബ്ദുല്‍ കരീം, എം പി ഷാഫി ഹാജി, സാം കുരുവിള, കോര്‍ഡിനേറ്റര്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കണ്‍വീനര്‍മാരായ അബ്ദുറഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടന്‍, ഖലീല്‍ എ പി, റഈസ്, ഷാജി ഫ്രാന്‍സിസ്, അഡ്വ. ജാഫര്‍ ഖാന്‍, മുഹമ്മദ് ഫൈസല്‍, റഹീം ഓമശ്ശേരി, ഷമീര്‍ വലിയ വീട്ടില്‍, അബ്ബാസ്, ബഷീര്‍ പുത്തുപാടം, ഷീജു, എന്നിവര്‍ സംബന്ധിച്ചു.

ജനറല്‍ കണ്‍വീനര്‍ വി സി മശ്ഹൂദ് സ്വാഗതവും കണ്‍വീനര്‍ പ്രദോഷ് നന്ദിയും പറഞ്ഞു.

Most Popular