Friday, August 6, 2021
Home Gulf Qatar ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടന നേതാക്കള്‍

ഭരണ ഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടന നേതാക്കള്‍

ദോഹ: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഖത്തറിലെ പ്രവാസി ബഹുജനസംഘടന നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഈയിടെ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ജനങ്ങളില്‍ കടുത്ത ഭീതിയും ആശങ്കയും അരക്ഷിതത്വബോധവും ഉളവാക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടു പോകരുതെന്ന് സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി ബഹുജന സംഘടനാ നേതാക്കളുടെ സംഗമത്തില്‍ പങ്കെടുത്തവരാണ് ഈ ആവശ്യമുന്നയിച്ചത്.

ഭരണ ഘടനക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിലനില്‍പ്പിന് നേരെയുയരുന്ന ഭീഷണിയാണെന്നും ഇത്തരം സംഗതികളെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യാനും ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കാനും നമുക്ക് സാധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസര്‍ കൈതക്കാട് (കെഎംസിസി), ഇബ്രു ഇബ്രാഹിം (യുവകലാസാഹിതി), ഷഫീഖ്, അഹമ്മദ് കടമേരി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഹബീബ് റഹ്മാന്‍ കിഴിശ്ശേരി (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി) , ഷാജി ഫ്രാന്‍സിസ് (വണ്‍ ഇന്ത്യ), അബ്ദുന്നാസിര്‍ പാനൂര്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഷംനാദ് (ഫോപ്ട), മജീദ്‌സു അലി, സുന്ദരന്‍ തിരുവനന്തപുരം, ഷാഹിദ് ഓമ്മശ്ശേരി (കള്‍ച്ചറല്‍ ഫോറം), സാമൂഹ്യ പ്രവര്‍ത്തകരായ റഊഫ് കൊണ്ടോട്ടി , ഫരീദ് തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുനീഷ് എ.സി. സ്വാഗതമാശംസിച്ചു. ചര്‍ച്ചയുടെ സമാഹരണം നിര്‍വ്വഹിച്ചുകൊണ്ട് കള്‍ച്ചറല്‍ഫോറം സെക്രട്ടറി റഷീദലി സമാപന ഭാഷണം നടത്തി.

Most Popular