Saturday, July 24, 2021
Home Gulf Qatar ഖത്തര്‍ എയര്‍വെയ്‌സ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; ഖത്തറിലെ വിമാനത്താവളം അധികം വൈകാതെ തുറക്കുമെന്ന് അക്ബര്‍...

ഖത്തര്‍ എയര്‍വെയ്‌സ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; ഖത്തറിലെ വിമാനത്താവളം അധികം വൈകാതെ തുറക്കുമെന്ന് അക്ബര്‍ അല്‍ ബാക്കിര്‍

ദോഹ: കോവിഡിന് ശേഷം സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ വിമാന ടിക്കറ്റിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍. കോവിഡ് കാലത്തിനു ശേഷമുള്ള വ്യോമയാന വ്യവസായം ഒരിക്കലും അതിനു മുമ്പുള്ള കാലത്തിന് സമാനമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് റിക്കവറി എത്രത്തോളമുണ്ടെന്നും ബിസിനസ് ക്ലാസില്‍ എത്രകൂടുതല്‍ പേര്‍ സഞ്ചരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിരക്കുവര്‍ധന എന്ന് അല്‍ ബാക്കിര്‍ സൂചിപ്പിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് സംബന്ധിച്ച് സര്‍ക്കാരുകളുടെ നിലപാടും ഇതില്‍ നിര്‍ണായകമാവും. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം കമ്പനികള്‍ അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫസ്റ്റ് ക്ളാസില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഈ തീരുമാനം വിമാനക്കമ്പനികള്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴത്തെ കോവിഡ് മഹാമാരിക്ക് ശേഷവും വിമാനക്കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്സായ ബിസിനസ് ക്ലാസ് യാത്രകള്‍ ഗണ്യമായി കുറയും. ജൂണ്‍ അവസാനത്തോടെ 80 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചിട്ടുണ്ടെങ്കിലും, പകര്‍ച്ചവ്യാധിക്ക് മുമ്പ് സര്‍വീസ് നടത്തിയിരുന്ന 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്ന് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.

കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ രണ്ടു വര്‍ഷമോ ചിലപ്പോള്‍ നാല് വര്‍ഷമോ എടുത്തേക്കും. ഖത്തറിലെ വിമാനത്താവളം അധികം വൈകാതെ തന്നെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈവത്തിന്റെ സഹായത്തോടെ 2019 ലെ അതേ അവസ്ഥയിലേക്ക് തന്നെ ഞങ്ങള്‍ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എക്കോണമി ക്ലാസില്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതമായാല്‍ ടിക്കറ്റ് നിരക്ക് 300 ശതമാനം വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ക്ക് ഉണ്ടാക്കാവുന്ന പ്രയാസം പരമാവധി കുറച്ചുകൊണ്ടുള്ള നടപടികളാവും ഖത്തര്‍ എയര്‍വെയ്‌സ് സ്വീകരിക്കുക. ഇക്കാര്യത്തില്‍ മറ്റ് എല്ലാ വിമാന കമ്പനികളേക്കാളും മികച്ച് നില്‍ക്കുന്ന നിലപാട് ആയിരിക്കും ഖത്തര്‍ എയര്‍വെയ്‌സ് സ്വീകരിക്കുകയെന്നും അല്‍ ബാക്കിര്‍ പറഞ്ഞു.

വ്യോമയാന മേഖലയ്ക്ക് ഈ വര്‍ഷം 300 ബില്ല്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. നിലവില്‍ കോവിഡ് പ്രതിസന്ധിക്ക് പുറമേ അയല്‍ രാജ്യങ്ങള്‍ വ്യോമപാത വിലക്കിയത് മൂലമുണ്ടായ പ്രത്യേക പ്രതിസന്ധിയും ഖത്തര്‍ എയര്‍വെയ്‌സിനെ സംബന്ധിച്ചുണ്ട്.

Qatar Airways CEO: Coronavirus has changed the airline industry


 

Most Popular