ദോഹ: 2020 ഡിസംബര്‍ 31ന് മുമ്പ് ഇഷ്യു ചെയ്യുന്ന മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫ്ളെക്സിബിള്‍ ബുക്കിങ് സൗകര്യം നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്സ്. യാത്രയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ടിക്കറ്റ് കൈയില്‍ വയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.
ഈ കാലയളവിനിടയില്‍ യാത്രാ തിയ്യതി എത്ര തവണ വേണമെങ്കിലും മറ്റാം. ഭാവിയിലേക്കുള്ള യാത്രക്കു വേണ്ടി 10 ശതമാനം അധിക മൂല്യത്തോടെ വൗച്ചറാക്കി മാറ്റാം. യാത്രക്കാരന്റെ പരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ മൂലമാണ് യാത്ര തടസ്സപ്പെടുന്നതെങ്കില്‍ യാത്രാ ലക്ഷ്യവും മാറ്റാവുന്നതാണ്. ഖത്തര്‍ എയര്‍വെയ്സ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് അതേ ഭൂഖണ്ഡത്തില്‍ പെടുന്ന ഏത് വിമാനത്താവളത്തിലേക്കും മാറ്റാവുന്നതാണ്. അല്ലാത്തവര്‍ക്ക് അതേ രാജ്യത്തെയോ 500 മൈല്‍ ചുറ്റളവിലുള്ളതോ ആയ വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റാന്‍ സൗകര്യം ലഭിക്കും.
90 നഗരങ്ങളിലേക്കായി പ്രതിവാരം 600ലേറെ സര്‍വീസുകള്‍ നിലവില്‍ ഖത്തര്‍ എയര്‍വെയ്സ് നടത്തുന്നുണ്ട്. വിമാനത്തിനകത്തും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഏറ്റവും മികച്ച ശുചിത്വവും കോവിഡ് സുരക്ഷാ സൗകര്യങ്ങളുമാണ് ഖത്തര്‍ എയര്‍വെയ്സ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.