ദോഹ: ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ റദ്ധാക്കി. കോഴിക്കോട് നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2:45ന് പുറപ്പെട്ട് വൈകീട്ട് 4:50 ന് എത്തേണ്ടിയിരുന്നതാണ്. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് 1.05നും രാത്രി 10 മണിക്കും എത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40ന് ദോഹയിലേക്ക് എത്തേണ്ട വിമാനവും റദ്ദാക്കിയതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.
ഇന്നലെയും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങള്‍ റദ്ധാക്കിയിരുന്നു. ഇന്ന് മുംബൈ, ഹൈദരാബാദ്, നാഗ്പൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, അമൃത്സര്‍, ഡല്‍ഹി, അഹമ്മദാബാദ്, ഗോവ, കൊല്‍ക്കത്ത, എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അറിയിച്ചിരുന്നു.
അതേ സമയം, ഇന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനങ്ങള്‍ കൃത്യസമയത്ത് സര്‍വീസ് നടത്തുമെന്നും ഹമദ് വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.