ദോഹ: യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത എന്നീ നാല് രാജ്യങ്ങള്‍ക്കെതിരേ ഖത്തര്‍ എയര്‍വെയ്സ് അന്താരാഷ്ട്ര നിയമ നടപടി ആരംഭിച്ചു. 2017 മുതല്‍ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധത്തിലൂടെ ഖത്തര്‍ എയര്വെയ്സിനുണ്ടായ നഷ്ടത്തിന് പരിഹാരം തേടി നാല് അന്താരാഷ്ട്ര നിക്ഷേപ കേസുകളാണ് ഖത്തര്‍ എയര്‍വെയ്സ് ഫയല്‍ ചെയ്തിരിക്കുന്നത്. 500 കോടി ഡോളറാണ് ഉപരോധ രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടായി ഈ നാല് രാജ്യങ്ങളില്‍ വന്‍ നിക്ഷേപമാണ് ഖത്തര്‍ എയര്‍വെയ്സ് നടത്തിയിരുന്നതെന്നും 2017ന് ജൂലൈ 5ന് യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ വ്യോമ ഉപരോധത്തിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഖത്തര്‍ എയര്‍വെയ്സിന് ഉണ്ടായിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് കരാറുകളുടെ ലംഘനമാണ് കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒഐസി നിക്ഷേപ കരാര്‍, അറബ് നിക്ഷേപ കരാര്‍, ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയ കക്ഷി നിക്ഷേപ കരാര്‍ എന്നിവയാണവ. ഖത്തര്‍ എയര്വെയ്സിനെതിരായ നടപടിയിലൂടെ ഉപരോധ രാജ്യങ്ങള്‍ ഈ കരാറുകള്‍ ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ വ്യോമപാതാ വിലക്ക് യുഎന്‍ വ്യോമയാന സംഘടനയായ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍(ഐസിഎഒ) ഖത്തറിന് ചോദ്യം ചെയ്യാമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) ഈയിടെ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വെയ്സ് നിയമ നടപടി ആരംഭിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷമായി ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലവത്താകാത്തതിനെ തുടര്‍ന്നാണ് ആര്ബിട്രേഷന് നോട്ടീസ് ഇഷ്യു ചെയ്ത നിയമ നടപടികള്‍ ആരംഭിച്ചതെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.
Qatar Airways launches multibillion dollar arbitration cases against blockading nations