Sunday, September 26, 2021
Home Gulf Qatar പാകിസ്താന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു

പാകിസ്താന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു

ദോഹ: പാകിസ്താന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലേക്ക് ജൂണ്‍ 1 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഇതിനു പുറമേ സിംഗപ്പൂര്‍, വിയന്ന, ബാങ്കോക്ക്, ബാഴ്‌സലോണ നഗരങ്ങളിലേക്കും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ 40ഓളം നഗരങ്ങളിലേക്ക് ആഴ്ച്ചയില്‍ 170 സര്‍വീസുകളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്.

ബെര്‍ലിന്‍, ദാറുസ്സലാം, ന്യൂയോര്‍ക്ക്, തൂണിസ്, വെനീസ് എന്നിവിടങ്ങളിലേക്ക് അടുത്ത ആഴ്ച്ചകളില്‍ സര്‍വീസ് തുടങ്ങും. എല്ലാ നഗരങ്ങളിലേക്കും രണ്ടു വശത്തേക്കും ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ പറക്കും. എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് വിമാനം സര്‍വീസ് നടത്തുന്നത്.

കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ബുക്കിങ് നടത്തുന്നതിന് ഖത്തര്‍ എയര്‍വെയ്‌സ് ബുക്കിങ് ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിധിയില്ലാതെ യാത്രാ തിയ്യതി മാറ്റം, 5,000 മൈലിനകത്തുള്ള ഡെസ്റ്റിനേഷന്‍ മാറ്റം എന്നിവ അനുവദിക്കും. 2020 ഡിസംബര്‍ 31ന് മുമ്പ് യാത്ര പൂര്‍ത്തിയാക്കിയാല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവില്ല. 2020 ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ടിക്കറ്റ് ഇഷ്യു ചെയ്ത തിയ്യതി മുതല്‍ രണ്ട് വര്‍ഷത്തെ വാലിഡിറ്റിയും കമ്പനി ഓഫര്‍ ചെയ്യുന്നു.

Qatar Airways network expands to more than 40 destinations


 

Most Popular