ദോഹ: എക്കോണമി, ബിസിനസ് ക്ലാസുകളില്‍ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള നിരക്കുകള്‍(ഫെയര്‍ ഫാമിലി) ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വെയ്സ്. തിങ്കളാഴ്ച്ച മുതല്‍ ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ നിരക്കുകളും എക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫേര്‍ട്ട് എന്നീ നിരക്കുകളും ലഭ്യമാവും. യാത്രക്കാരുടെ വ്യത്യസ്ത തരത്തിലുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ ഫെയര്‍ ഫാമിലിയിലും തികച്ചും വ്യത്യസ്തമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് ഖത്തര്‍ എയര്‍വെയ്സ് വാഗ്ദാനം ചെയ്യുന്നത്.
ഉദാഹരണത്തിന് എക്കോണമി ക്ലാസില്‍ ഒരു ഫെയര്‍ ഫാമിലിയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ 5 കിലോ അധിക ബാഗേജ് ലഭിക്കും. എക്കോണമി ക്ലാസ് കംഫേര്‍ട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. എക്കോണമി കംഫേര്‍ട്ട്, ബിസിനസ് എലൈറ്റ് ഫാമിലിയില്‍ യാത്രാ തിയ്യതി സൗകര്യത്തിനനുസരിച്ച് മാറ്റാനും ഫീസ് ഇല്ലാതെയുള്ള റീഫണ്ടിങിനും സൗകര്യമുണ്ട്. ഖത്തര്‍ എയര്‍വെയ്സ് പ്രിവിലേജ് ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് തങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന ഫെയര്‍ ഫാമിലിക്ക് അനുസരിച്ചുള്ള ക്യുമൈലുകളും ലഭിക്കും.
എയര്‍ലൈനില്‍ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ഭാവിയിലെ ട്രാവല്‍ വൗച്ചറിന് പകരമായി എക്സ്ചേഞ്ച് ചെയ്യുക, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളില് 40 ശതമാനം ഡിസ്കൗണ്ട് എന്നിവ ഇവയില്‍പ്പെടുന്നു.
Qatar Airways simplifies fare structure, offers six new groups of fares across travel classes