Wednesday, August 4, 2021
Home Gulf Qatar ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന് വന്‍ ഡിമാന്‍ഡ്; കുടുംബങ്ങള്‍ക്ക് അഭ്യര്‍ഥനപ്രകാരം ഹോം ക്വാറന്റീന്‍ അനുവദിക്കുന്നു

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന് വന്‍ ഡിമാന്‍ഡ്; കുടുംബങ്ങള്‍ക്ക് അഭ്യര്‍ഥനപ്രകാരം ഹോം ക്വാറന്റീന്‍ അനുവദിക്കുന്നു

ദോഹ: ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രവാസികള്‍ വലിയ തോതില്‍ തിരിച്ചെത്തി തുടങ്ങിയതോടെ ഹോട്ടല്‍ ക്വാറന്റീന് വന്‍ ഡിമാന്‍ഡ്. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആഗസ്ത് 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് പകരം ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യത്തില്‍ ഖത്തര്‍ അധികൃതര്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതായി യാത്രക്കാര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ കോഴിക്കോട് സ്വദേശികളായ കുടുംബത്തിന് ഈ രീതിയില്‍ ഹോം ക്വാറന്റീന്‍ അനുവദിച്ച് കിട്ടി. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസിയുടെ ഭാര്യയ്ക്കും മകള്‍ക്കും എക്‌സപ്ഷനല്‍ റീ എന്‍ട്രി പെര്‍മിറ്റ് പ്രകാരം ഹോട്ടല്‍ ക്വാറന്റീനാണ് അനുവദിച്ചിരുന്നത്. ഇതു പ്രകാരം ഹോട്ടല്‍ ബുക്കിങ് നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഹമദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവര്‍ അഭ്യര്‍ഥന നടത്തിയതു പ്രകാരം ഹോട്ടല്‍ ബുക്കിങ് മാറ്റി ഹോം ക്വാറന്റീന്‍ അനുവദിക്കുകയായിരുന്നു.

ഹമദ് വിമാനത്താവളത്തില്‍ എമിഗ്രേഷനു മുമ്പാണ് ക്വാറന്റീന്‍ കൗണ്ടര്‍. സ്ത്രീകളും കുട്ടികളും മാത്രമാണ് വരുന്നതെങ്കില്‍ വൊളന്റിയര്‍മാര്‍ ഇവരെ പ്രത്യേകം പരിഗണിക്കുകയും പരിശോധനകള്‍ നടത്തി സാധ്യമാവുന്ന കേസുകളില്‍ ഹോം ക്വാറന്റീന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്.

ഹോട്ടല്‍ ബുക്കിങ് വിമാനത്താവള അധികൃതര്‍ തന്നെ റദ്ദാക്കും. കാന്‍സലേഷനുള്ള നിശ്ചിത തുക കുറച്ച് ബാക്കി തുക അക്കൗണ്ടിലേക്കു വരുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാരന്‍ പറഞ്ഞു.

ഹോട്ടല്‍ ക്വാറന്റീന്‍ റദ്ദാക്കാനോ തിയ്യതി മാറ്റാനോ ആവില്ല
ഖത്തറിലേക്ക് വരുന്നതിന് ഓരോ ദിവസവും അനുതി നല്‍കുന്ന യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് ഒപ്ഷന്‍ ലഭിക്കാത്തത് അന്നേ ദിവസത്തെ യാത്രക്കാരുടെ പരിധി പൂര്‍ത്തിയാതിനാലാണ് എന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ആഗസ്ത് 20 രാവിലെ 8ന് ശേഷം ബുക്ക് ചെയ്ത ഹോട്ടല്‍ ബുക്കിങുകളില്‍ ഭേദഗതി അനുവദിക്കില്ല. ഒരു തവണ ബുക്ക് ചെയ്താല്‍ റീഫണ്ട് ചെയ്യാനോ തിയ്യതി മാറ്റാനോ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതു കൊണ്ട് തന്നെ യാത്ര ഉറപ്പില്ലാത്തവര്‍ ഹോട്ടല്‍ ബുക്കിങ് നടത്തരുതെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. വിമാനം റദ്ദായാല്‍ മാത്രമേ ഒരു തവണ തിയ്യതി മാറ്റാന്‍ അനുവദിക്കൂ.

Most Popular