ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഇന്ന് 40ാം പിറന്നാള്‍. ഇന്നലെ അര്‍ധരാത്രി മുതല്‍ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം അമീറിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റുകള്‍ സജീവമാണ്. അമീറിന് ജന്മദിനാശംസകളുമായി പ്രവാസികളും സജീവമാണ്. പ്രവാസികളോടുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ കരുതല്‍ ഉയര്‍ത്തിക്കാട്ടിയുള്ള വിഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടുന്ന ജനതക്ക് ഒരുപോലെ പ്രിയപ്പെട്ട ഭരണാധികാരി കൂടിയാണ് യുവത്വത്തില്‍ തന്നെ ഭരണസാരധ്യമേറ്റെടുത്ത ശെയ്ഖ് തമീം. ലാകരാജ്യങ്ങള്ക്കിടയിലും ഖത്തര്‍ അമീറിന് മികച്ച സ്വീകാര്യതയാണുള്ളത്. ഏറ്റവും ശക്തനായ, മാതൃകാ ഭരണാധികാരിയെന്നാണ് ലോകരാജ്യങ്ങളും രാജ്യാന്തര മാധ്യമങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയായ ഖത്തര്‍ അമീറിനെ വിശേഷിപ്പിക്കുന്നത്.
അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് അമീറിന്റെ ഭരണമികവ് ഏറ്റവും പ്രകടമായത്. പ്രകോപനത്തില്‍ വീഴാതെ വിവേകപൂര്‍വ്വം ഖത്തറിനെ പ്രതിസ്ധിയില് നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്. സ്വദേശികള്‍ക്കൊപ്പം പ്രവാസികളെയും ചേര്‍ത്ത് നിര്‍ത്തിയായിരുന്നു ഉപരോധത്തിനെതിരേ ഖത്തര്‍ ഭരണാധികാരി പ്രതിരോധം തീര്‍ത്തത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി സമസ്ത മേഖലകളിലും സ്വയം പര്യാപ്തത കൈവരിച്ച് വികസന പാതയിലേക്ക് ഖത്തറിനെ നയിക്കുന്നതും അമീറിന്റെ നേതൃപാടവവും ഭരണമികവുമാണ്.
കോവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴും ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രാജ്യങ്ങള്‍ക്ക് അമീറിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഖത്തറില്‍ നിന്ന് ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തുന്നുണ്ട്. ഇതിലൂടെ ഭരണപാടവത്തോടൊപ്പം കരുണയുടെയും സഹാനുഭൂതിയൂടെയും കൂടി പ്രതീകമാവുകയാണ് ഖത്തര്‍ അമീര്‍.