Friday, August 6, 2021
Home Newsfeed ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കും; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കും; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ജൂലൈ 12 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലാണ് പ്രഖ്യാപനം. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ച ഇത് സംബന്ധമായ അറിയിപ്പിന്റെ കോപ്പി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.

ഗ്രൂപ്പ് എ: ഖത്തരി പൗരന്മാരും റെസിഡന്റ് വിസയുള്ളവരും

– പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും. കൂടെ വരുന്ന 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഇളവുണ്ട്.

-ഭാഗികമായി വാക്‌സിനെടുത്തവര്‍, വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിന് പുറത്ത് നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍- ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കില്‍ 5 ദിവസം ഹോം ക്വാറന്റീന്‍. യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. റെഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന വാക്‌സിനെടുക്കാത്ത 12 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്കും 10 ദിവസത്തെ ക്വീറന്റീന്‍ വേണം.

ഗ്രൂപ്പ് ബി: ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ് വിസ

-വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 9 മാസത്തിനിടെ രോഗം വന്ന് ഭേദമായ ജിസിസി പൗരന്മാര്‍ക്കും ഇളവുണ്ട്. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 3 വയസ്സുവരെ പ്രായമുള്ളവര്‍ക്കും ഇളവുണ്ട്.

-വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തവരോ ആളുകള്‍ക്ക് വിസിറ്റ് വിസ അനുവദിക്കില്ല

യാത്രാ നിബന്ധനകള്‍

-എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
– റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഖത്തറിലെത്തിയാല്‍ വീണ്ടും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണം.
-വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരും റെഡ് കാറ്റഗറിയില്‍പ്പെട്ടവരും വിവിധ ഇടവേളകളിലായി ആര്‍ടിപിസിആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടി വരും. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം.

-എല്ലാ യാത്രക്കാരും യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം

കൂടുതല്‍ വാക്‌സിനുകള്‍ക്ക് അംഗീകാരം
ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. സിനോഫാം, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ ഖത്തറിലെത്തിയാല്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ആന്റിബോഡി പോസിറ്റീവ് ആയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ബാധകമാണ്.

ഗ്രീന്‍ ലിസ്റ്റില്‍ പെട്ട രാജ്യങ്ങള്‍

യെല്ലോ ലിസ്റ്റില്‍ പെട്ട രാജ്യങ്ങള്‍

റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങള്‍

 

Most Popular