ഖത്തറിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍

qatar businessmen kidnapped

ദോഹ: ഖത്തറിലെ മലയാളി വ്യവസായിയെ നാട്ടില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആറു പേര്‍ കസ്റ്റിഡിയിലുള്ളതായി സൂചന. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആറു പേരെ നാദാപുരം പോലിസ് കസ്റ്റിഡിയില്‍ എടുത്തതായാണ് അറിയുന്നത്. പയ്യോളി സ്വദേശി നിസാര്‍, റഈസ്, അഭിനാഷ്, തൂണേരി സ്വദേശികളായ മുനീര്‍, മുഹമ്മദ്, ഇല്യാസ് എന്നിവരാണ് പോലിസ് കസ്റ്റിഡിയിലുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെ പള്ളിയില്‍ പോവുന്ന വഴിയില്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പയ്യന്നൂര്‍, കാസര്‍കോഡ് ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘമാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഖത്തറിലുള്ള സഹോദരന് പണം ആവശ്യപ്പെട്ട് ഇവര്‍ അയച്ച ശബ്ദ സന്ദേശത്തില്‍ ഏതാണ്ട് 60 ലക്ഷം രൂപയാണ് മോചനത്തിനായി ഇവര്‍ ആവശ്യപ്പെടുന്നത്.

ഖത്തറില്‍ അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. ഇയാളെ ജോലിയില്‍ നിന്നു പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല ഫോണില്‍ നിന്നുമായി ഭീഷണി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.