Friday, July 30, 2021
Home Newsfeed ഖത്തര്‍ ശൂറ കൗണ്‍സിലിലേക്ക് ജനകീയ തിരഞ്ഞെടുപ്പ് വരുന്നു; തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

ഖത്തര്‍ ശൂറ കൗണ്‍സിലിലേക്ക് ജനകീയ തിരഞ്ഞെടുപ്പ് വരുന്നു; തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

ദോഹ: ഒക്ടോബറില്‍ നടക്കുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 45 അംഗ ശൂറ കൗണ്‍സിലില്‍ 30 പേരെയാണ് തിരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടത്.

കരട് നിയമപ്രകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവയ്ക്കാതെ തന്നെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം. വോട്ടര്‍ രജിസ്ട്രഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമത്തില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 20 ലക്ഷം റിയാലാണ് ചെലവഴിക്കാനാവുക. ഇതിന് മേല്‍നോട്ടം വഹിക്കാനും പണത്തിന്റെ ഉറവിടം നിരീക്ഷിക്കാനും സംവിധാനമുണ്ടാവും.

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പൊതു, സ്വകാര്യ മാധ്യമങ്ങള്‍ പക്ഷപാതിത്വമില്ലാത്ത രീതിയില്‍ ഇടം നല്‍കണം. പൊതു സ്ഥലങ്ങളില്‍ പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിലും പക്ഷപാതിത്വം പാടില്ല.

മന്ത്രിമാര്‍, ജൂഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മല്‍സരിക്കാനാവില്ല. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.

വിദേശ ഇടപെടല്‍, വോട്ട് പണം കൊടുത്ത് വാങ്ങല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് ശേഷം ശൂറ കൗണ്‍സിലിന്റെ അധികാരം കൂടുതല്‍ വിപുലപ്പെടുത്തുമെന്നാണ് കരുതുന്നത്. മന്ത്രിമാരെ പുറത്താക്കാനും ദേശീയ ബജറ്റിന് അംഗീകാരം നല്‍കാനും പുതിയ നിയമങ്ങള്‍ ശുപാര്‍ശ ചെയ്യാനും കൗണ്‍സിലിന് അധികാരം ലഭിച്ചേക്കും.

തിരഞ്ഞെടുപ്പില്‍ വോട്ടറാവാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അയല്‍രാജ്യമായ യുഎഇയില്‍ ഭരണാധികാരികളാണ് വോട്ടര്‍മാര്‍ ആരാണെന്ന് നിശ്ചയിക്കുന്നത്. അധികാരങ്ങള്‍ പരിമിതമാണെങ്കിലും കുവൈത്തിലും ബഹ്‌റൈനിലും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുകളുണ്ട്.

Most Popular