ശനിയാഴ്ച്ച പെരുന്നാള്‍ ആകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

eid moon sight qatar

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച്ച ആവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കലണ്ടര്‍ ഹൗസ്. രാജ്യത്ത് ഈ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യത കുറവാണെന്നും അതുകൊണ്ട് തന്നെ ഞായറാഴ്ച്ചയാണ് പെരുന്നാള്‍ ആവാന്‍ സാധ്യതയെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

ശനിയാഴ്ച പെരുന്നാള്‍ ആവാന്‍ സാധ്യത ഉണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് ക്യുസിഎച്ച് അറിയിച്ചു. വെള്ളിയാഴ്ച്ച മാസപ്പിറവിക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി ട്വിറ്ററില്‍ വാര്‍ത്ത നല്‍കിയിരുന്നു.

അതേ സമയം, പെരുന്നാള്‍ അവധി എന്നാണെന്ന് ആധികാരികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഖത്തര്‍ മതകാര്യ മന്ത്രാലയത്തിനാണെന്ന് കലണ്ടര്‍ ഹൗസ് ചൂണ്ടികാട്ടി. വെള്ളിയാഴ്ച്ച മാസപ്പിറവി കണ്ടാല്‍ വിവരമറിയിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.