Saturday, September 25, 2021
Home Gulf Qatar ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അറിയിപ്പ് വന്നുതുടങ്ങി

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ അറിയിപ്പ് വന്നുതുടങ്ങി

ദോഹ: ഖത്തറില്‍ നിശ്ചിത വിഭാഗങ്ങള്‍ക്കു പുറമേ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധത അറിയിച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അറിയിപ്പ് വന്നുതുടങ്ങിയതായി റിപോര്‍ട്ട്. ഖത്തറില്‍ നാലുഘട്ടമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് പൊതുജനാരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
വാക്‌സിന്‍ സ്വീകരിക്കാനായി എല്ലാവര്‍ക്കും ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ക്യുഎന്‍സിസിയില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാനായുള്ള അറിയിപ്പ് വന്നുതുടങ്ങിയിട്ടുണ്ട്.

നിലവില്‍ 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍, ദീര്‍ഘകാലരോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അനുബന്ധമേഖലയില്‍ ഉള്ളവര്‍, വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും എന്നിവരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള മുന്‍ഗണനാപട്ടിയില്‍ ഉള്ളത്. എന്നാല്‍, ഈ ഗണത്തില്‍പ്പെടാത്തതും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ആളുകള്‍ക്കും അറിയിപ്പ് വരുന്നുണ്ട്.

ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പത്യേക കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കാനായി വിപുലമായ സൗകര്യങ്ങളാണ് ഉള്ളത്. മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെട്ട മുന്‍കൂട്ടി അറിയിപ്പ് ലഭിക്കുന്നവര്‍ക്കുമാത്രമേ ഇവിടെ നിന്ന് വാക്‌സിന്‍ നല്‍കൂവെന്നാണ് അധികൃതര്‍ പറയുന്നത്. അറിയിപ്പ് ലഭിക്കാത്തവര്‍ ക്യുഎന്‍സിസിയിലേക്ക് വരരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, നേരിട്ട് വരുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇവിടെനിന്ന് വാക്‌സിന്‍ നല്‍കുന്നതായാണ് അറിയുന്നത്. എന്നാല്‍, തിരക്ക് കൂടിയതു കാരണം അറിയിപ്പ് ലഭിക്കാത്ത പലരെയും മടക്കി അയക്കുകയും ചെയ്തിട്ടുണ്ട്.
ALSO WATCH

Most Popular