Tuesday, July 27, 2021
Home Gulf Qatar ഖത്തറിന്റെ പുതിയ സൈക്കിള്‍ പാതയില്‍ 50 കിലോമീറ്റര്‍ സാധാരണ സൈക്കിളില്‍ താണ്ടി കോഴിക്കോട് സ്വദേശി

ഖത്തറിന്റെ പുതിയ സൈക്കിള്‍ പാതയില്‍ 50 കിലോമീറ്റര്‍ സാധാരണ സൈക്കിളില്‍ താണ്ടി കോഴിക്കോട് സ്വദേശി

ദോഹ: ഖത്തറില്‍ പുതുതായി തുറന്ന ലോകത്തെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാതയിലൂടെ പഴയ മോഡല്‍ നാടന്‍ സൈക്കിളില്‍ 50 കിലോമീറ്റര്‍ ചവിട്ടിത്താണ്ടി കോഴിക്കോട് സ്വദേശി. ജോലിത്തിരക്കിനിടയിലും ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന പേരാമ്പ്ര സ്വദേശി ഫൈസലാണ് പതിവ് സൈക്കിള്‍ സവാരിക്കാര്‍ക്കിടയില്‍ കൗതുകവും ആവേശവുമായത്. ഒറേറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി അലി ഹസ്സന്‍ തച്ചറക്കലിനൊപ്പമായിരുന്നു ഫൈസലിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. ആധുനിക സംവിധാനങ്ങളുള്ള സൈക്കിളുമായി 50 കിലോമീറ്റര്‍ ചാലഞ്ചിനെത്തിയ അലി ഹസ്സന്‍ ഫൈസലിന്റെ സൈക്കിള്‍ കണ്ട് അല്‍ഭുതപ്പെട്ടു. ഈ സൈക്കളില്‍ 50 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനാവുമോ എന്ന അമ്പരന്ന അലി ഹസനോട് ഉള്ളത് കൊണ്ട് ആഘോഷിക്കുക എന്നതാണ് തന്റെ രീതിയെന്നതായിരുന്നു ഫൈസലിന്റെ മറുപടി. അല്‍ഖോറിലെ പുതിയ സൈക്കിള്‍ പാതയില്‍ ബിന്‍ ഉംറാനില്‍ നിന്ന് തങ്ങള്‍ യാത്ര തുടങ്ങിയതെന്ന് അലി ഹസ്സന്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് പിആര്‍ഒ ആയി ജോലി നോക്കുന്ന ഫൈസല്‍ പേരാമ്പ്രക്ക് ആരോഗ്യപരിപാലനത്തിനും മറ്റ് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയക്കുറവ് ഒരു പ്രശ്‌നമേ അല്ല. തിരക്കേറിയ ജോലിക്കിടയിലും നിത്യേന പത്തു കിലോമീറ്ററിലധികം നടക്കാന്‍ ഫൈസല്‍ സമയം കണ്ടെത്തുന്നു എന്നത് തന്നെ ഇതിന് തെളിവാണ്.

കഴിഞ്ഞമാസം ദോഹ കോര്‍ണിഷിലൂടെ 25 കിലോമീറ്റര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓടി തീര്‍ത്തിരുന്നു. രണ്ടു വര്‍ഷത്തോളമായി പ്രസംഗ പരിശീലനവും വ്യക്തിത്വ വികാസവും ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന ഒറേറ്റേഴ്‌സ് ഫോറത്തിന്റെ നിലവിലെ വൈസ് പ്രസിഡണ്ട് കൂടിയാണ് ഫൈസല്‍ പേരാമ്പ്ര. ഖത്തറിലെ വിവിധ കലാ സംസ്‌കാരിക സംഗമങ്ങളില്‍ ഇദ്ദേഹം നിറസാന്നിധ്യമാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ കഴിയാത്ത വിധം സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഫൈസലിന്റെ പ്രത്യേകത എടുത്തുപറയേണ്ടതാണ്. മാപ്പിളപ്പാട്ടുകളുടെ വലിയ ആരാധകന്‍ കൂടിയായ ഫൈസല്‍ പാട്ട് പാടാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല.

Most Popular