Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ജാഗ്രത പാലിച്ചില്ലെങ്കില്‍ പണിപാളും

ഖത്തറില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ജാഗ്രത പാലിച്ചില്ലെങ്കില്‍ പണിപാളും

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യ ഘട്ടം നാളെ മുതല്‍. മാര്‍ച്ച് മുതല്‍ അടച്ചിട്ട പള്ളികളില്‍ 500 എണ്ണം നാളെ മുതല്‍ തുറക്കും. എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം. വ്യായാമത്തിനായി 8 പബ്ലിക് പാര്‍ക്കുകളും തുറക്കും. ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

നാലു ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിനാണ് ജൂണ്‍ 15 മുതല്‍ തുടക്കമാകുന്നത്. ഇതു പ്രകാരം രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും മന്ത്രാലയം നല്‍കിയിട്ടുണ്ട്.

500 പള്ളികള്‍ നാളെ മുതല്‍ തുറക്കുമെങ്കിലും ജുമുഅ അവസാന ഘട്ടത്തിലേ ആരംഭിക്കുകയുള്ളു. പള്ളികളിലെത്തുന്ന വിശ്വാസികള്‍ ഔഖാഫ്-ഇസ്ലാമിക് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകളും പാലിക്കണം. ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പരിമിതമായ ശേഷിയില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണം.

നാളെ മുതല്‍ തുറക്കുന്ന പാര്‍ക്കുകള്‍

അല്‍ വക്റ പബ്ലിക് പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, 66 അല്‍ ഖുതൈഫ പാര്‍ക്ക്, അല്‍ ശമാല്‍ സിറ്റി പാര്‍ക്ക്, അല്‍ സൈലിയ പാര്‍ക്ക്, അല്‍ ദഫ്ന പാര്‍ക്ക്, മ്യൂസിയം പാര്‍ക്ക് അല്‍ റയ്യാന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുക.

രാവിലെ 4 മുതല്‍ 9 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 10വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതിയുണ്ടാവും. പാര്‍ക്കിലെത്തുന്നവര്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ശരീര താപനില പരിശോധിച്ചാണ് അകത്തേക്കു പ്രവേശിപ്പിക്കുക. വ്യായാമത്തിന് മാത്രമായാണ് ഇപ്പോള്‍ പാര്‍ക്കുകള്‍ അനുവദിക്കുകയെന്നും വെറുതെ ചെന്നിരിക്കാന്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.

മസ്ജിദുകളില്‍ മുന്‍കരുതല്‍ വേണം

qatar masjid opening

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, മസ്ജിദുകളിലെ കുളിമുറികളും അംഗശുദ്ധി സൗകര്യവും അടച്ചിടും. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തേണ്ടിവരും. ബാങ്ക് വിളിയുടെ സമയത്ത് മാത്രമേ മസ്ജിദുകള്‍ തുറക്കൂ എന്നതിനാല്‍ വിശ്വാസികള്‍ നേരത്തേ എത്താന്‍ ശ്രമിക്കരുത്. മസ്ജിദിന് അകത്ത് രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.

കൈയുറ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം പാടില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മറയ്ക്കണം. മസ്ജിദില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ മുസല്ല(പ്രാര്‍ഥനാ വിരിപ്പ്) കൊണ്ടുവരണം. ഇതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മസ്ജിദിന് അകത്ത് ഉപേക്ഷിച്ചു പോകാനോ പാടില്ല. ഖുര്‍ആന്‍ പാരായണം ആഗ്രഹിക്കുന്നവര്‍ സ്വന്തമായി മുസ്ഹഫുകള്‍ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മൊബൈലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പാടില്ല.

മാളുകളില്‍ കര്‍ശന നിയന്ത്രണം

qatar mall

1. പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധം
2. പ്രവേശനത്തിന് നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. മാളില്‍ തുടരുന്ന സമയം മുഴുവന്‍ മാസ്‌ക്ക് നീക്കാന്‍ പാടില്ല
3. 12 വയസ്സിനും 60 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കു മാത്രം പ്രവേശനം
4. പ്രവേശന കവാടത്തില്‍ ശരീര താപനില പരിശോധിക്കും. 38 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ളവരെ കടത്തിവിടില്ല
3. 50 ശതമാനം പാര്‍ക്കിങ് സ്ഥലം മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കൂ
4. ടാക്സികള്‍ കാത്തുനില്‍ക്കാന്‍ അനുവദിക്കില്ല
5. പ്രവേശന കവാടത്തില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല

Most Popular