Monday, May 10, 2021
Home News Kerala ഖത്തര്‍ പ്രവാസിയുടെ ഭാര്യയില്‍ നിന്ന് രണ്ടരക്കോടി തട്ടി; പെരുമ്പാവൂര്‍ മുന്‍ ഇമാമും കൂട്ടാളിയും അറസ്റ്റില്‍

ഖത്തര്‍ പ്രവാസിയുടെ ഭാര്യയില്‍ നിന്ന് രണ്ടരക്കോടി തട്ടി; പെരുമ്പാവൂര്‍ മുന്‍ ഇമാമും കൂട്ടാളിയും അറസ്റ്റില്‍

ദോഹ: ഖത്തറില്‍ ചെക്ക് കേസില്‍ പെട്ട പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയുടെ ഭാര്യയുടെ കൈയില്‍ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ തൃശൂര്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കണ്ടന്തറ മഹല്ല് മസ്ജിദിലെ മുന്‍ ഇമാം പെഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴി അസ്ലം മൗലവി, കൂട്ടാളിയായ കാഞ്ഞിരപ്പിള്ളി പാലക്കല്‍ ബിജിലി എന്നിവരാണ് അറസ്റ്റിലായത്.

ബിസിനസ് പ്രതിസന്ധിയെ തുടര്‍ന്ന് ചെക്ക് കേസില്‍ കുടുങ്ങിയ പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശിയെ കേസില്‍ നിന്ന് ഒഴിവാക്കി ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടര കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഭര്‍ത്താവിനൊപ്പം ഖത്തറിലായിരുന്ന ഭാര്യയും കുട്ടികളും ഇപ്പോള്‍ നാട്ടിലാണ്. ഭര്‍ത്താവ് യാത്രാ വിലക്കുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ഖത്തറില്‍ കഴിയുകയാണ്.

ഖത്തറില്‍ മെയിന്റനന്‍സ് കമ്പനി നടത്തിയിരുന്ന യുവാവ് 2017 ലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെക്ക് കേസില്‍ പെട്ടത്. തുടര്‍ന്ന് നാട്ടിലെത്തിയ യുവതിയെ സമീപിച്ചു ഭര്‍ത്താവിനെ കേസില്‍ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പല തവണകളായി സംഘം തുക തട്ടിയെടുത്തത്.

ദുബായില്‍ അറ്റ്ലസ് രാമചന്ദ്രന്റേത് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇടപെട്ട് തങ്ങള്‍ പ്രശ്‌നപരിഹാരമുണ്ടാക്കിയതായി വിശ്വസിപ്പിച്ചാണ് ഇവര്‍ പണം വാങ്ങിയതെന്ന് യുവതി വെളിപ്പെടുത്തി. പ്രദേശത്തെ അറബി കോളജുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ തങ്ങള്‍ക്ക് ഉന്നത ബന്ധങ്ങളുള്ളതായി സംഘം യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ 2017 ല്‍ പണം നല്‍കിയിട്ടും ഭര്‍ത്താവിന്റെ കേസുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഇല്ലാതായതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. മൂന്നു വര്‍ഷമായിട്ടും പണം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.

ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഐപിഎസിന്റെയും ഡിവൈഎസ്പി വി രാജീവിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. സമാനമായ വേറെയും പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Most Popular