ദോഹ: നേരത്തേ ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയെ ആലപ്പുഴയില്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി ബിന്ദുവിനെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. യുവതിയെ വടക്കാഞ്ചേരിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം. കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ഈ സംഘവുമായി യുവതിക്ക് നേരത്തേ ബന്ധമുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
നാലു ദിവസം മുമ്പാണ് യുവതി ഗള്‍ഫില്‍ നിന്നെത്തിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ കമ്പിവടിയും വടിവാളുമായി എത്തിയ സംഘം വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തു കയറിയതെന്ന് കുടുംബം പോലിസില്‍ പരാതി നല്കി.
നേരത്തേ ഖത്തറിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടക്കിടെ നാട്ടില്‍ വന്ന് പോയിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ വന്ന ശേഷം ദുബയിലേക്കാണ് പോയത്. പിന്നീട് ഫെബ്രുവരി 19ന് നാട്ടിലെത്തി. ബിന്ദു ഇടക്കിടെ നാട്ടില്‍ വരാറുള്ളതായി പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാര്യറായി പ്രവര്‍ത്തിച്ചിരുന്നതായാണ് പോലിസ് സംശയിക്കുന്നത്.