Sunday, July 25, 2021
Home Newsfeed ഇത് മ്യൂസിയമാണോ? ഖത്തര്‍ പ്രവാസിയായ അബ്ദുല്‍ അസീസിന്റെ വീട് കണ്ടാല്‍ ആരും ചോദിക്കും

ഇത് മ്യൂസിയമാണോ? ഖത്തര്‍ പ്രവാസിയായ അബ്ദുല്‍ അസീസിന്റെ വീട് കണ്ടാല്‍ ആരും ചോദിക്കും

ദോഹ: ഇത് വീടാണോ അതോ പുരാവസ്തു മ്യൂസിയമോ? ഖത്തര്‍ പ്രവാസിയായ മന്‍തടത്തില്‍ അബ്ദുല്‍ അസീസിന്റെ മലപ്പുറം ജില്ലയിലെ വീട്ടിലേക്ക് കയറിയാല്‍ ആരും ഒന്ന് സംശയിക്കും. മുറിയിലും ചുമരിലും നിറയെ പഴക്കം ചെന്ന വസ്തുക്കള്‍. മുറികളില്‍ മാത്രമല്ല, ഹാളിലും ഡൈനിങ് ടേബിളിലുമെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കള്‍ കാണാം. ഇത്തരത്തില്‍ ആയിരത്തോളം സാധനങ്ങളാണ് അസീസിന്റെ വീട്ടിലെ മ്യൂസിയത്തിലുള്ളത്.

മലപ്പുറം ജില്ലയിലെ തെന്നല കറുത്താല്‍ ചാല്‍പാറയയിലാണ് 49 കാരനായ അബ്ദുല്‍ അസീസിന്റെ വീട്. പത്രങ്ങളിലെ കൗതുക വാര്‍ത്തകള്‍ ശേഖരിച്ചു കൊണ്ടായിരുന്നു തുടക്കം. 19 ാം വയസ്സില്‍ ഖത്തറിലേക്ക് ജോലിക്ക് പോയതോടെയാണ് ഈ മേഖലയിലുള്ള താല്‍പ്പര്യം വര്‍ധിച്ചത്.

വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, സ്റ്റാംപുകള്‍ എന്നിവ ശേഖരിച്ചു കൊണ്ടാണ് ഖത്തറിലെ തുടക്കം. ഈജിപ്ത്, ലബ്‌നാന്‍, സിറിയ, അഫ്ഗാനിസ്താന്‍, കുവൈത്ത്, യുഎഇ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിലെ 200 വര്‍ഷം പഴക്കം ചെന്ന വസ്തുക്കള്‍ വരെ ശേഖരത്തിലുണ്ട്. നാട്ടിലായാലും ഖത്തറിലായാലും ഇത്തരം സാധനങ്ങള്‍ ഉണ്ടെന്നറിഞ്ഞാല്‍ എത്ര ദൂരെ പോയും സാധനം സംഘടിപ്പിക്കും. വിളക്കുകള്‍, പഴയ ക്യാമറകള്‍, ഗ്രാമഫോണ്‍, പാത്രങ്ങള്‍ സംഗീത ഉപകരണങ്ങള്‍, കോവിലക വാതിലുകള്‍, കൃഷി ഉപകരണങ്ങള്‍, പിച്ചളയില്‍ തീര്‍ത്ത ഖുര്‍ആനിലെ സൂറത്ത്, തുടങ്ങി 100 മുതല്‍ 300 വര്‍ഷം വരെ പഴക്കമുള്ള വിവിധ തരം വസ്തുക്കളും ഉപകരണങ്ങളും ഇവിടെ കാണാം. അബ്ദുല്‍ അസീസിന്റെ മ്യൂസിയത്തിലെ കൗതുകങ്ങള്‍ കാണാന്‍ ഇപ്പോള്‍ ദൂരദേശത്ത് നിന്നുപോലും ആളുകളെത്തുന്നു.

വിദേശത്ത് നിന്ന് ഓരോ തവണയും പുരാവസ്തുക്കളുമായാണ് അസീസിന്റെ വരവ്. ഖത്തറില്‍ തയ്യല്‍ കട നടത്തുകയാണ് ഇദ്ദേഹം. ഭാര്യ സുബൈദ, മക്കളായ അഹമ്മദ് സുലൈഖ്, ഉമ്മു ഹബീബ എന്നിവരാണ് വീട്ടിലെ സൂക്ഷിപ്പുകാര്‍.

 

Most Popular