Tuesday, May 11, 2021
Home Gulf Qatar ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26ന്; ഐബിപിസി തിരഞ്ഞെടുപ്പ് മാറ്റി

ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26ന്; ഐബിപിസി തിരഞ്ഞെടുപ്പ് മാറ്റി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് അപെക്‌സ് സംഘടനകളിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് ഡിസംബര്‍ 26ന് നടക്കുമെന്ന് എംബസി വിജ്ഞാപനത്തില്‍ അറിയിച്ചു.ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്‌സി) എന്നിവയെ നയിക്കാനുള്ള കമ്മിറ്റിയെയാണ് 26ന് തിരഞ്ഞെടുക്കുക. എന്നാല്‍, ബിസിനസ് കൂട്ടായ്മയായ ഐബിപിസിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചു.

സംഘടനകളിലേക്കുള്ള പ്രസിഡന്റുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ (4 പേര്‍), അനുബന്ധ സംഘടനകളുടെ പ്രതിനിധികള്‍ (3 പേര്‍) എന്നിവരുടെ തിരഞ്ഞെടുപ്പാണ് ഓണ്‍ലൈനില്‍ നടക്കുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇത്തവണ ആദ്യമായി നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. അതേസമയം, ഐബിപി.സിയുടെ ഘടനയും പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ എംബസി രൂപീകരിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷമാണ് ഐബിപിസിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഐബിപിസിയെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കുന്ന രീതിയില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന വ്യാപാര രംഗത്തും പ്രൊഫഷനല്‍ മേഖലയിലുമുള്ളവരുടെ ശുപാര്‍ശ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് എംബസി അറിയിച്ചു. ഐബിപിസിയുടെ പുതിയ ഘടനയും പ്രവര്‍ത്തന രീതിയിയും സംബന്ധിച്ച് അഡ്‌ഹോക്ക് കമ്മിറ്റി ശുപാര്‍ശ ലഭിക്കുന്നതുവരെ നിലവിലുള്ള കമ്മിറ്റി തന്നെ തുടരും.

ഐസിസി, ഐസിബിഎഫ്, ഐഎസ്‌സി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് ഡിസംബര്‍ 13-ന് വൈകിട്ട് അഞ്ച് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഡിസംബര്‍ 16ന് വൈകിട്ട് അഞ്ച് വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. അന്തിമ സ്ഥാനാര്‍ഥി പട്ടിക ഡിസംബര്‍ 18ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26ലെ ഓണ്‍ലൈന്‍ വോട്ടിങ് സമയം പിന്നീട് പ്രഖ്യാപിക്കും. അപെക്‌സ് സംഘടനാ ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക. ഓണ്‍ലൈന്‍ വോട്ടിങ് ആപ്പ് പരിചയപ്പെടുത്തുന്നതിന് സൂം മീറ്റിങുകള്‍ സംഘടിപ്പിക്കുമെന്നും എംബസി അറിയിച്ചു.


 

Most Popular