Thursday, September 23, 2021
Home Gulf Qatar വന്ദേഭാരത്: മലയാളികള്‍ക്കു വേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം ഖത്തര്‍ എംബസി അവസാനിപ്പിച്ചു

വന്ദേഭാരത്: മലയാളികള്‍ക്കു വേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം ഖത്തര്‍ എംബസി അവസാനിപ്പിച്ചു

ദോഹ: കേന്ദ്രസര്‍ക്കാറിന്റെ വന്ദേഭാരത് പദ്ധതി പ്രകാരം വിമാനയാത്രക്കാരുടെ മുന്‍ഗണനാപട്ടിക തയാറാക്കാന്‍ ഇന്ത്യന്‍ എംബസി രൂപവത്കരിച്ച കേരളത്തിനായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. കെ എം വര്‍ഗീസിന്റെ നേതൃത്വത്തില്‍ കേരളത്തിനും മാഹിക്കും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കാനാണ് എംബസിയുടെ അറിയിപ്പില്‍ പറയുന്നത്.

വന്ദേഭാരത് വിമാനങ്ങളില്‍ പോവേണ്ടവരെ ജനകീയമായി തിരഞ്ഞെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ക്കായി എട്ട് കമ്മിറ്റികളെയാണ് നിയമിച്ചത്. അതില്‍ കേരളത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം മാത്രമാണ് നിര്‍ത്തലാക്കിയത്. കേരളത്തിലേക്കുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിന് കമ്മിറ്റി നടത്തിയ കഠിനാധ്വാനത്തെ എംബസി അഭിനന്ദിച്ചിട്ടുമുണ്ട്. നിലവില്‍ ആവശ്യമായ എല്ലാ വിവരങ്ങളം എംബസിക്ക് ലഭിച്ചു കഴിഞ്ഞതായും ഭാവിയില്‍ വ്യക്തിപരമായ കമ്മിറ്റി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

ഖത്തറില്‍നിന്ന് പോയ ആദ്യ വിമാനങ്ങളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയെന്നും ക്രമക്കേട് നടക്കുന്നുവെന്നും ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി ഓരോ സംസ്ഥാനങ്ങള്‍ക്കുമായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചത്. കേരളത്തിനും മാഹിക്കുമായുള്ള കമ്മറ്റിയെയാണ് നിലവില്‍ പിരിച്ചുവിട്ടത്. കെ എം വര്‍ഗീസിനു പുറമേ അബ്ദുല്‍ അസീസ്, ഗോവിന്ദ്, കോയ കൊണ്ടോട്ടി, ബഷീര്‍ തുവാരിക്കല്‍ എന്നിവരായിരുന്നു അംഗങ്ങള്‍. കമ്മിറ്റിയുടെ രൂപവല്‍ക്കരണശേഷം അര്‍ഹരായ നിരവധിപേര്‍ക്ക് കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ പോകാന്‍ കഴിഞ്ഞിരുന്നു.

എംബസിയുമായി സാധാരണക്കാര്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗവുമായിരുന്നു ഈ കമ്മിറ്റി. വിവിധ കമ്മിറ്റികള്‍ യാത്രക്കാരുടെ മുന്‍ഗണനാപട്ടിക തയാറാക്കുകയും ഇത് എംബസിക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് എംബസി അന്തിമ പട്ടിക തയാറാക്കിയിരുന്നത്.

Qatar indian embassy stopped Community Coordination Committee for Kerala


 

Most Popular