Wednesday, May 12, 2021
Home Gulf Qatar ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെക്കേഷന്‍ കാലയളവ് മാറ്റുന്ന കാര്യം ആലോചിക്കുന്നു

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെക്കേഷന്‍ കാലയളവ് മാറ്റുന്ന കാര്യം ആലോചിക്കുന്നു

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍, ഖത്തറിലെ പല ഇന്ത്യന്‍ സ്‌കൂളുകളും സമ്മര്‍ വെക്കേഷന്‍(വാര്‍ഷിക അവധി) തിയ്യതി മാറ്റുന്ന കാര്യം ആലോചിക്കുന്നു. നിലവില്‍ ജൂണ്‍ 20 മുതലോ അതിന് തൊട്ടടുത്ത തിയ്യതികളിലോ ആണ് ഇന്ത്യന്‍ സ്‌കൂളുകളുടെ വെക്കേഷന്‍ ആരംഭിക്കേണ്ടത്. എന്നാല്‍, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഈ സമയത്ത് വെക്കേഷന്‍ ലഭിച്ചാലും നാട്ടില്‍ സ്‌കൂള്‍ അവധിക്കാലം ചെലഴിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അതിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് അവധിക്കാലം മാറ്റുന്നതിനെക്കുറിച്ച് സ്‌കൂളുകള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വെക്കേഷന്‍ ഏത് തിയ്യതിക്ക് വേണമെന്നതിനെക്കുറിച്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്ന് സര്‍വേ ആരംഭിച്ചു. ബിര്‍ള പബ്ലിക് സ്‌കൂള്‍, പേള്‍ സ്‌കൂള്‍ തുടങ്ങിയവ രക്ഷിതാക്കളുടെ അഭിപ്രായം അറിയാന്‍ ഓണ്‍ലൈന്‍ ഫോം നല്‍കി. ബിര്‍ള സ്‌കൂള്‍ ഫോമില്‍ മൂന്ന് ഒപ്ഷനാണ് നല്‍കിയിട്ടുള്ളത്

ജൂണ്‍ 19ന് ശേഷവും വെര്‍ച്വല്‍ ക്ലാസ് തുടരേണ്ടതുണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. സ്‌കൂള്‍ അടക്കുന്ന തിയ്യതി സംബന്ധിച്ച് മൂന്ന് ഒപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്
1. വാര്‍ഷിക അവധി ജൂണ്‍ 19ന് ആരംഭിച്ച്് ആഗസ്ത് 31ന് അവസാനിക്കുകയും വിന്റര്‍ വെക്കേഷന്‍ ഡിസംബര്‍ 23ന് ആരംഭിച്ച് 2021 ജനുവരി 2ന് അവസാനിക്കുകയും ചെയ്യുക
2. വാര്‍ഷിക അവധി ജൂലൈ 1ന് ആരംഭിച്ച് ആഗസ്ത് 31ന് അവസാനിക്കുകയും വിന്റര്‍ വെക്കേഷന്‍ ഡിസംബര്‍ 20ന് ആരംഭിച്ച് 2021 ജനുവരി 2ന് അവസാനിക്കുകയും ചെയ്യുക
3. വാര്‍ഷിക അവധി ജുലൈ 31ന് ആരംഭിച്ച് ആഗസ്ത് 31ന് അവസാനിക്കുകയും വിന്റര്‍ വെക്കേഷന്‍ ഡിസംബര്‍ 6ന് ആരംഭിച്ച് 2021 ജനുവരി 2ന് അവസാനിക്കുകയും ചെയ്യുക

മറ്റ് അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്താനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവധിക്കാലം നാട്ടില്‍ ചെലവഴിക്കുന്നതിന് വേണ്ടി മലയാളികള്‍ ഉള്‍പ്പെടെ വലിയ വിഭാഗം കുടുംബങ്ങള്‍ നേരത്തേ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജൂണ്‍ പകുതി തന്നെ അവധി ആരംഭിക്കുകയാണെങ്കില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും നാട്ടില്‍ പോകാനാവാത്ത സാഹചര്യമാണ് ഉണ്ടാവുക. ടിക്കറ്റ് റദ്ദാക്കുന്നതിന് കാന്‍സലേഷന്‍ ഫീസ് നല്‍കണമെന്നാണ് വിമാന കമ്പനികളുടെ നിലപാട്. നിലവില്‍ ജൂലൈ അവസാനത്തോടെ നാട്ടിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിവസങ്ങള്‍, വിന്റര്‍ വെക്കേഷനിലേക്ക് അഡ്ജസ്റ്റ് ചെയ്യന്ന കാര്യം സ്‌കൂളുകള്‍ ആലോചിക്കുന്നത്.


 

Most Popular