Thursday, September 23, 2021
Home Newsfeed ജോലിയും ശമ്പളവുമില്ലാതെ ഖത്തറില്‍ ദുരിതത്തിലായ മലയാളിക്ക് തുണയായി സോഷ്യല്‍ ഫോറം

ജോലിയും ശമ്പളവുമില്ലാതെ ഖത്തറില്‍ ദുരിതത്തിലായ മലയാളിക്ക് തുണയായി സോഷ്യല്‍ ഫോറം

ദോഹ: ഖത്തറില്‍ കുക്കിന്റെ ജോലിക്കെത്തി ചതിയില്‍ കുടുങ്ങിയ കൊല്ലം സ്വദേശിക്ക് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജീവിത മാര്‍ഗം തെളിഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശിയായ ബേബിയാണ് ആറ് മാസത്തിലേറെയായി ഖത്തറില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് ബേബി, അയല്‍വാസിയുടെ ഖത്തറിലുള്ള റസ്റ്റൊറന്റിലേക്ക് കുക്കിന്റെ വിസയില്‍ വന്നത്. ഹോട്ടല്‍ ക്വാറന്റീനും ടിക്കറ്റുമുള്‍പ്പെടെ ലക്ഷത്തിലേറെ രൂപ ഇതിനായി ബേബി ചെലവാക്കിയിരുന്നു. വുകൈറിലെ റസ്റ്റൊറന്റില്‍ മൂന്ന് മാസത്തോളം ജോലി ചെയ്‌തെങ്കിലും കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ലെന്ന് ബേബി ഗള്‍ഫ് മലയാളിയോട് പറഞ്ഞു. ആകെ 38,000 രൂപ മാത്രമാണ് റസ്റ്റൊറന്റ് ഉടമ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്. രണ്ട് മാസത്തെ ശമ്പളം നല്‍കാനുണ്ടായിരുന്നു.

ശമ്പളത്തിന്റെ ബാക്കി തുക ചോദിച്ചപ്പോള്‍ പിന്നീട് എല്ലാറ്റിനും തന്നെ കുറ്റപ്പെടുത്തുകയും തെറി പറയുകയും ചെയ്യുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ റസ്റ്റൊറന്റിലെ ജോലിയില്‍ നിന്ന് ഇറങ്ങി മെസ്സിലും മറ്റും ജോലി ചെയ്‌തെങ്കിലും കൃത്യമായി ശമ്പളം കിട്ടിയില്ല. ചില സാമൂഹിക പ്രവര്‍ത്തകരാണ് ഭക്ഷണത്തിനും മറ്റും സഹായിച്ചത്. നാട്ടില്‍ നാല് പേരുള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയായ ബേബി ഇതോടെ കൃത്യമായ ജോലിയോ താമസിക്കാന്‍ ഇടമോ ഇല്ലാതെ ദുരിതത്തിലാവുകയായിരുന്നു.

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പെരുന്നാളിന് ഭക്ഷണം വിതരണം ചെയ്ത ഫോട്ടോ ഖത്തറിലെ മലയാളി കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജായ ഖത്തര്‍ മലയാളീസില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ബേബിയുടെ ഭാര്യ പ്രിയ ഈ വിവരം അതിന്റെ അടിയില്‍ കമന്റായി ഇടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇപ്പോള്‍ നാട്ടിലുള്ള സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ സക്കരിയ ഖത്തറിലെ സോഷ്യല്‍ ഫോറത്തിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രസിഡന്റ് സുബൈര്‍ പട്ടാമ്പിയുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തന്റെ സുഹൃത്തിന്റെ റസ്റ്റൊറന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ ദുരിതം വ്യക്തമാക്കി പ്രിയ ഖത്തര്‍ ഇന്ത്യന്‍ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും പരാതിപ്പെട്ടിരുന്നു. ലേബര്‍ കോടതിയെ സമീപിക്കാനാണ് എംബസിയില്‍ നിന്ന് മറുപടി ലഭിച്ചതെന്ന് ബേബി പറയുന്നു. തുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ശമ്പള ഇനത്തില്‍ 7500 റിയാല്‍ മുന്‍കൂര്‍ തന്നതായി തന്റെ കള്ള ഒപ്പും വിരലടയാളവും വച്ച് വ്യാജ രേഖ ഉണ്ടാക്കി റസ്റ്റൊറന്റ് ഉടമ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് തന്റെ ഒപ്പ് അല്ലെന്ന് കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഫിന്‍ഗര്‍ പ്രിന്റ് വെരിഫൈ ചെയ്ത ഹാജരാക്കാന്‍ റസ്റ്റൊറന്റ് ഉടമയക്ക് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, ഒന്നര മാസം കഴിഞ്ഞെങ്കിലും വിഷയത്തില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് ബേബി പറയുന്നു.

ബാക്കിയുള്ള ശമ്പളവും നഷ്ടപരിഹാരവും ലഭിക്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് ബേബി. ഇക്കാര്യത്തില്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

 

Most Popular