ദോഹ: കൊറോണയെ നേരിടാന്‍ ഖത്തര്‍ സുസജ്ജമാണെന്നും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സാധന സാമഗ്രികള്‍ സ്റ്റോക്കുള്ള സാഹചര്യത്തില്‍ ആളുകള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ സര്‍ക്കാര്‍ നിലവില്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ ദിവസവും കാര്യങ്ങള്‍ അവലോകനം ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നുണ്ട്.
പ്രതിസന്ധികള്‍ നേരിടുന്നതില്‍ ഖത്തറിനുള്ള വൈദഗ്ധ്യം ഉപരോധത്തിന്റെ തുടക്ക കാലത്ത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സാഹചര്യം രണ്ടാഴ്ച്ച മുമ്പ് തന്നെ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് ലുലു റീജ്യനല്‍ മാനേജര്‍ ഷാനവാസ് പി എം പറഞ്ഞു. 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനം റദ്ദാക്കിയതും ഇന്ന് മുതല്‍ സ്കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചതും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അതേ തുടര്‍ന്നാണ് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ തിരക്ക് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് മാസത്തേക്ക് ആവശ്യമായ എല്ലാ അവശ്യ വസ്തുക്കളും ലുലുവില്‍ സ്റ്റോക്ക് ഉണ്ടെന്ന് ഷാനവാസ് പറഞ്ഞു. അരി, എണ്ണ, പയറു വര്‍ഗങ്ങള്‍ തുടങ്ങി എല്ലാം സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കുന്നതിന് താന്‍സാനിയ, കെനിയ, ഗാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിതരണക്കാരുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കൊറോണ വൈറസ് ബാധിക്കാത്ത രാജ്യങ്ങളില്‍ ലുലുവിന്റെ അന്താരാഷ്ട്ര ഓഫിസുകളുണ്ട്. മറ്റു സാധനങ്ങള്‍ എത്തിക്കുന്നതിന് അവയുമായും ബന്ധപ്പെട്ട് വരുന്നുണ്ട്. ഏത് സമയത്തും വിപണിയില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് ലുലു സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സറ്റോക്കുണ്ട്. ലുലു സ്റ്റോക്കുകള്‍ പൂഴ്ത്തി വയ്ക്കുകയോ വില വര്‍ധിപ്പിക്കുകയോ ചെയ്യില്ല. ലഭ്യമായതെല്ലാം നിലവിലുള്ള വിലയ്ക്ക് തന്നെ വില്‍പ്പന നടത്തുമെന്നും ഷാനവാസ് പറഞ്ഞു.
അവശ്യ വസ്തുക്കളെല്ലാം സ്റ്റോക്കുണ്ടെന്ന് സഫാരി മാള്‍ പ്രൊക്യുര്‍മെന്റ് മാനേജര്‍ രാജേഷ് നായരും അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തും സഫാരിക്ക് വിതരണക്കാരുണ്ട്. അതുകൊണ്ട് തന്നെ സ്റ്റോക്കിനെ കുറിച്ച് ആശങ്കയില്ല. ഉപരോധത്തിന്റെ തുടക്ക കാലത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ട് തന്നെ ഇത്തരം ഘട്ടത്തില്‍ ചെയ്യേണ്ടതെന്താണെന്ന കാര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റമദാന് വരുന്നതും ഇപ്പോഴത്തെ സാഹചര്യവും മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ യാതൊരു പരിഭ്രാന്തിയും ആവശ്യമില്ലെന്നും രാജേഷ് നായര്‍ അറിയിച്ചു.