Monday, July 26, 2021
Home News Kerala ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയ നിരവധി പേരുടെ ലഗേജ് നഷ്ടപ്പെട്ടതായി പരാതി

ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയ നിരവധി പേരുടെ ലഗേജ് നഷ്ടപ്പെട്ടതായി പരാതി

ദോഹ: ഖത്തറില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ നിരവധി പേരുടെ ലഗേജ് നഷ്ടപ്പെട്ടതായി പരാതി. ജൂണ്‍ 29ന് ദോഹയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ‘6ഇ 1716’ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് നാട്ടിലെത്തി അഞ്ചുദിവസം കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകള്‍ എത്തിയിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.

വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ കണ്ണൂര്‍ ഉളിയില്‍ സ്വദേശിയെ ഉദ്ധരിച്ച് ‘ഗള്‍ഫ് മാധ്യമം’ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ല്‍ ലഗേജിനായി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കാണാതായതോടെ ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോഴാണ് ലഗേജ് വന്നിട്ടില്ലെന്ന് അറിഞ്ഞത്. തന്റെ സുഹൃത്തിനെ കൂടാതെ വേറെ പലരും ആ സമയത്ത് ലഗേജ് അന്വേഷിച്ചു നടക്കുന്നത് കണ്ടാതായി അദ്ദേഹം പറഞ്ഞു.

വിമാനത്തിന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരാതി നല്‍കിയാണ് വീട്ടിലേക്ക് മടങ്ങിയത്. അടുത്ത ദിവസം തന്നെ അന്വേഷിച്ചെങ്കിലും ലഗേജ് എത്തിയില്ലെന്നായിരുന്നു മറുപടി. ജൂലൈ ഒന്നിന് വീണ്ടും അന്വേഷിച്ചപ്പോള്‍ എയര്‍ ബബ്ള്‍ പുതുക്കാത്തതിനാല്‍ വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തുവെന്നായിരുന്നു മറുപടി. പിന്നീടുള്ള ദിവസങ്ങളിലും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോ ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ദോഹയില്‍ അന്വേഷിക്കണമെന്നായി. ശനിയാഴ്ചയായിട്ടും ലഗേജുകള്‍ ലഭ്യമായിട്ടില്ലെന്ന് ഇവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നിറയെ യാത്രക്കാരുമായാണ് വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നത്. ഇതിനൊപ്പം, ചില യാത്രക്കാര്‍ കൂടുതല്‍ കാശ് മുടക്കി അധിക ലഗേജ് ക്വോട്ട കൂടി നേടുന്നതിനാല്‍ പല സര്‍വീസുകളിലും ഭാരംകുറക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരാവുന്നതിനാലാണ് ലഗേജുകള്‍ പുറത്താവുന്നത് എന്ന് എയര്‍ ട്രാവലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ട് എത്തിയ ചില യാത്രക്കാര്‍ക്കും ലഗേജ് നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

എയര്‍ സേവ ആപ്പില്‍ പരാതി നല്‍കാം
ലഗേജുകള്‍ വൈകുമ്പോഴും നഷ്ടപ്പെടുമ്പോഴും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയര്‍ സേവ ആപ്ലിക്കേഷന്‍ വഴിയോ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ, ഇ-മെയില്‍ ചെയ്‌തോ പി.എന്‍.ആര്‍ നമ്പര്‍ സഹിതം പരാതി നല്‍കാം. വ്യോമയാന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ‘എയര്‍സേവ’ ആപ്.
ALSO WATCH

 

Most Popular