Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് കെഎംസിസി പ്രാദേശിക കമ്മിറ്റിയുടെ ആദ്യവിമാനം നാട്ടിലേക്കു പറന്നു(വീഡിയോ)

ഖത്തറില്‍ നിന്ന് കെഎംസിസി പ്രാദേശിക കമ്മിറ്റിയുടെ ആദ്യവിമാനം നാട്ടിലേക്കു പറന്നു(വീഡിയോ)

ദോഹ: ഖത്തറില്‍ നിന്ന് ഐസിബിഎഫ് സഹകരണത്തോടെ കെഎംസിസി പ്രദേശിക കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം പുറപ്പെട്ടു. കണ്ണൂരിലേക്കുള്ള വിമാനം ഇന്ന് രാവിലെ 11.20നാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോ. മോഹന്‍ തോമസ്, ഐസിബിഎഫ് പ്രസിഡന്റ് ബാബു രാജ്, റഹീം പാര്‍ക്കോ മാള്‍, നാട്ടില്‍ നിന്ന് ആവശ്യമായ പിന്തുണ നല്‍കിയ കുറ്റാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല എന്നിവര്‍ക്ക് കുറ്റ്യാടി-കൂത്തുപറമ്പ് കെഎംസിസി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സിറാജ് മാത്തോത്ത്(പ്രസിഡണ്ട്), ഷബീര്‍ മേമുണ്ട(ജനറല്‍ സെക്രട്ടറി), സല്‍മാന്‍ എളയടം(ട്രഷറര്‍) എന്നിവര്‍ നന്ദി അറിയിച്ചു.

 

900 റിയാല്‍ ടിക്കറ്റ് നിരക്കിലാണ് യാത്ര ഒരുക്കിയത്. കുറ്റ്യാടി-കൂത്തുപറമ്പ് കെഎംസിസി മണ്ഡലം കമ്മിറ്റിയുടെ അടുത്ത രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നാളെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്കു യാത്രയാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 43 ഗര്‍ഭിണികളും രണ്ട് അര്‍ബുദ രോഗികളും ഉള്‍പ്പെടെ 176 യാത്രക്കാരാണ് ഇന്നത്തെ വിമാനത്തില്‍ നാടണയുന്നത്. മൂന്ന് വിമാനങ്ങളിലായി 554 യാത്രക്കാര്‍ നാട്ടിലെത്തും.

കേരളത്തിലേക്കു പോകുന്ന യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന കാരണം നാളത്തെ യാത്ര മുടങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, ഖത്തറിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്നും ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായാല്‍ മതിയെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതോടെയാണ് തടസ്സം നീങ്ങിയത്. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ ജൂണ്‍ 21 മുതല്‍ പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനവും ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെട്ടു. 177 യാത്രക്കാരും 6 കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ പോയത്. ഖത്തറില്‍ നിന്നുള്ള 35ാമത്തെ വന്ദേഭാരത് വിമാനമാണ് ഇത്. 5969 യാത്രക്കാരും 176 കുഞ്ഞുങ്ങളുമാണ് ഇതുവരെ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലെത്തിയത്.


 

Most Popular