Saturday, September 25, 2021
Home Gulf Qatar നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ബാങ്കുകള്‍ ആവശ്യമായ ലോണ്‍ നല്‍കുമെന്ന് ഖത്തര്‍

നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ബാങ്കുകള്‍ ആവശ്യമായ ലോണ്‍ നല്‍കുമെന്ന് ഖത്തര്‍

ദോഹ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് ശമ്പളവും വാടകയും നല്‍കുന്നതിന് ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദ്‌ലി ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് ശന്വളവും വാടകയും നല്‍കാന്‍ ബുദ്ധിമുട്ടുന്ന കമ്പനികളെ സഹായിക്കാനാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം 300 കോടി റിയാലിന്റെ സഹായം പ്രഖ്യാപിച്ചത്. കമ്പനികളുടെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ഇതിനാവശ്യമായ ലോണ്‍ ലഭ്യമാക്കും. തുടര്‍ന്ന് ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് വേതനവും വാടകയും നല്‍കുക. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ബാങ്കുകളെ സമീപിച്ചാല്‍ ലഭിക്കുന്നതാണ്.

തൊഴിലാളികള്‍ക്ക് പരാതി നല്‍കാന്‍ ഹോട്ട്‌ലൈന്‍ നമ്പര്‍

വേതനവുമായി ബന്ധപ്പെട്ടതോ തൊഴില്‍ സംബന്ധമായതോ ആയ എന്തെങ്കിലും പരാതികള്‍ തൊഴിലാളികള്‍ക്ക് ഉണ്ടെങ്കില്‍ 92727 എന്നഹോട്ട്‌ലൈന്‍ നമ്പറില്‍ എസ്എംഎസ് അയക്കാവുന്നതാണ്. 5 എന്ന നമ്പറും തുടര്‍ന്ന് ഖത്തര്‍ ഐഡി നമ്പറുമാണ് എസ്എംഎസ് അയക്കേണ്ടത്. ഐഡി ഇല്ലെങ്കില്‍ വിസാ നമ്പര്‍ നല്‍കിയാലും മതിയാവും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നമ്പറില്‍ എല്ലാ ഭാഷകളിലും സപ്പോര്‍ട്ട് ലഭ്യമാവും.

ടെര്‍മിനേറ്റ് ചെയ്യുന്നത് തൊഴില്‍ നിയമപ്രകാരം മാത്രം

ജീവനക്കാരെ ടെര്‍മിനേറ്റ് ചെയ്യുന്നത് ഖത്തര്‍ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. അവരുടെ മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കുകയും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കുകയും വേണം. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ഇവിടെ തുടരുന്ന കാലത്തോളം ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ക്വാരന്റൈന്‍ കാലത്തെ ശമ്പളം നല്‍കണം

ക്വാരന്റൈന്‍ മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ നിന്ന് ഇങ്ങോട്ട് വരാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയില്ല. ഇക്കാര്യത്തില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നീക്കുപോക്കുകള്‍ ഉണ്ടക്കാന്‍ തയ്യാറവണമെന്ന് അല്‍ ഉബൈദ്‌ലി പറഞ്ഞു.

കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ അധികൃതര്‍ ഇടപെടും.

എല്ലാവര്‍ക്കും സൗജന്യ ചികില്‍സ

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും ചികില്‍സ ലഭിക്കുമെന്ന് അല്‍ ഉബൈദ്‌ലി ഉറപ്പ് നല്‍കി. അനധികൃത താമസക്കാരന്‍ ആണെങ്കില്‍ പോലും സൗജന്യ ചികില്‍സ ലഭിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

തൊഴിലാളി, തൊഴിലുടമ, സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദ്‌ലി പറഞ്ഞു. ഒരുമിച്ച് നിന്ന് ഈ പ്രയാസകരമായ സാഹചര്യം മറികടക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Most Popular