
ഖത്തർ മലയാളി സമ്മേളനം: പ്രമുഖർ പങ്കെടുക്കും
HIGHLIGHTS
"മഹിതം മാനവീയം" എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതു വർഷത്തിൽ ഏഴാം ഖത്തർ മലയാളി സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്നലെ നടന്ന ഇസ്ലാഹി സെന്ററിന്റെ പ്രവർത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. “മഹിതം മാനവീയം” എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.
കേരളത്തിൽ നിന്നും മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, സാംസ്കാരിക നേതാക്കൾ, സാഹിത്യകാരന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയ പ്രമുഖർ മുൻകാലങ്ങളിൽ ഖത്തർ മലയാളി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ഖത്തറിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗത സംഘം ഉടനെ വിളിച്ചു കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.
“ചരിത്രത്തിലെ തന്നെ അപൂർവമായ വെല്ലു വിളിയാണ് കോവിഡ് രോഗത്തിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ മനുഷ്യൻ കഴിഞ്ഞ വർഷം നേരിട്ടത്. എന്നാൽ വെല്ലുവിളികൾക്കിടയിലും മാനവീയതയുടെ മഹത്തായ സന്ദേശം ലോകമെങ്ങും ഉയർത്തിപ്പിടിക്കാൻ സാധിച്ചത് മനുഷ്യത്വത്തിന്റെ വിജയമാണ്, “മഹിതം മാനവീയം” എന്ന സമ്മേളന പ്രമേയം സൂചിപ്പിക്കുന്നതും ഇതാണ്”, ഇസ്ലാഹി സെന്റർ പറഞ്ഞു.
പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം യോഗത്തിൽ ആധ്യക്ഷം വഹിച്ചു. അഷ്റഫ് മടിയേരി, എംടി നാസറുദ്ധീൻ, നസീർ പാനൂർ, അലി ചാലിക്കര, ഷമീർ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.
റഷീദ് അലി സ്വാഗതവും പി.സെഡ് അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.