Thursday, June 17, 2021
Home Gulf Qatar ഖത്തറില്‍ തിങ്കളാഴ്ച്ച മുതല്‍ തുറക്കുന്ന 494 പള്ളികള്‍ ഇവയാണ്

ഖത്തറില്‍ തിങ്കളാഴ്ച്ച മുതല്‍ തുറക്കുന്ന 494 പള്ളികള്‍ ഇവയാണ്

ദോഹ: ഖത്തറില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കുന്നതിന്റെ ആദ്യഘട്ടമായ തിങ്കളാഴ്ച്ച മുതല്‍ തുറക്കുന്ന 494 പള്ളികളുടെ പട്ടിക ഔഖാഫ് മന്ത്രാലയം പുറത്തു വിട്ടു. തങ്ങളുടെ ഔദ്യോദിക വെബ്സൈറ്റിലും ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതായി ഔഖാഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കൊറോണ സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലെ സൗകര്യമുള്ള പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. കൊറോണ സാന്ദ്രത കൂടിയ പ്രദേശങ്ങളിലെ പള്ളികള്‍ ഇപ്പോള്‍ തുറക്കില്ല.

തുറക്കുന്ന പള്ളികളുടെ പട്ടിക അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സപ്തംബര്‍ ഒന്ന് വരെ വിവിധ ഘട്ടങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമാക്കാനാണ് ഖത്തര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ആഗസ്തില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 54 മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന അനുവദിക്കും. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തിലാണ് മസ്ജിദുകള്‍ തുറക്കുന്നത് പൂര്‍ണമാവുക.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, മസ്ജിദുകളിലെ കുളിമുറികളും അംഗശുദ്ധി സൗകര്യവും അടച്ചിടും. പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തേണ്ടിവരും. ബാങ്ക് വിളിയുടെ സമയത്ത് മാത്രമേ മസ്ജിദുകള്‍ തുറക്കൂ എന്നതിനാല്‍ വിശ്വാസികള്‍ നേരത്തേ എത്താന്‍ ശ്രമിക്കരുത്. മസ്ജിദിന് അകത്ത് രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.

കൈയുറ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം പാടില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മറയ്ക്കണം. മസ്ജിദില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം. പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ മുസല്ല(പ്രാര്‍ഥനാ വിരിപ്പ്) കൊണ്ടുവരണം. ഇതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മസ്ജിദിന് അകത്ത് ഉപേക്ഷിച്ചു പോകാനോ പാടില്ല. ഖുര്‍ആന്‍ പാരായണം ആഗ്രഹിക്കുന്നവര്‍ സ്വന്തമായി മുസ്ഹഫുകള്‍ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മൊബൈലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പാടില്ല.

Most Popular