Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ എംഇഎസ് സ്‌കൂളിന്റെ പുതിയ ബ്രാഞ്ച് തുടങ്ങി; വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം (വീഡിയോ കാണാം)

ഖത്തറില്‍ എംഇഎസ് സ്‌കൂളിന്റെ പുതിയ ബ്രാഞ്ച് തുടങ്ങി; വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം (വീഡിയോ കാണാം)

ദോഹ: ഖത്തറില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നായ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കാമ്പസ് ആരംഭിച്ചു. പഴയ സ്‌കൂളിന് സമീത്ത് തന്നെയാണ് എംഇഎസ് സ്‌കൂള്‍ അബൂഹമൂര്‍ ബ്രാഞ്ചിന് ഏപ്രില്‍ 5 മുതല്‍ തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ പുതിയ കാംപസ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് സാഹചര്യം മൂലമാണ് വൈകിയതെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1450 വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സ്‌കൂളില്‍ പ്രവേശനം ലഭിക്കുക.

പുതിയ കാലത്തിന് അനുസരിച്ചുള്ള ആധുനിക സാങ്കേതിക വിദ്യകളും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ കാമ്പസിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഒന്നാം ക്ളാസ് മുതല്‍ ഒന്‍പതാം ക്ളാസ് വരെയും പതിനൊന്നാം ക്ളാസിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

വിദ്യാഭ്യാസ മേഖലയില്‍ 28 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡോ. മുഹമ്മദ് ഹനീഫ് ആണ് പുതിയ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍. ഇന്ത്യയില്‍ 13 വര്‍ഷം അധ്യാപകനായി സേവമനമനുഷ്ടിച്ച അദ്ദേഹം സൗദിയില്‍ 15 വര്‍ഷം സ്്കൂള്‍ ഭരണ ചുമതലകളും വഹിച്ചിട്ടുണ്ട്. ജിദ്ദ അല്‍നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ 5 വര്‍ഷം വൈസ് പ്രിന്‍സിപ്പാളായും റിയാദ് മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ 10 വര്‍ഷം പ്രിന്‍സിപ്പാളായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സിബിഎസ്ഇ സ്‌കൂളുകളുടെ ചാപ്റ്റര്‍ കണ്‍വീനറുമായിരുന്നു.

അപേക്ഷിക്കേണ്ടത് എങ്ങിനെ
www.messchoolportal.org എന്ന വെബ്‌സൈറ്റ് വഴിയാണ് പുതിയ അധ്യയന വര്‍ഷത്തേക്ക് സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷിക്കേണ്ടത്. നിലവില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പാരന്റ് ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കാം. എംഇഎസില്‍ പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഗസ്റ്റ് ലോഗിന്‍ ഉപയോഗിക്കാം. ഇമെയില്‍ അഡ്രസ് നല്‍കിയാല്‍ ഗസ്റ്റ് ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ഇമെയിലില്‍ ലഭിക്കും. ഇതുപയോഗിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

Most Popular