ദോഹ: ലോകവ്യാപാര സംഘടനാ പാനല്‍ റിപോര്‍ട്ടിനെതിരേ അപ്പീല്‍ നല്‍കാനുള്ള സൗദി അറേബ്യയുടെ തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ബൗദ്ധിക സ്വത്തവകാശ നിയമം സൗദി അറേബ്യ നഗ്നമായി ലംഘിച്ചുവെന്ന് ജൂണ്‍ 16ന് പുറത്തുവിട്ട ലോക വ്യാപാര സംഘടനാ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വിഷയത്തില്‍ തങ്ങളെ പൂര്‍ണമായും കുറ്റവിമുക്തമാക്കിയെന്നും റിപോര്‍ട്ടില്‍ സന്തുഷ്ടരാണെന്നുമായിരുന്നു സൗദിയുടെ ആദ്യ നിലപാട്. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് മലക്കം മറിഞ്ഞ് അപ്പീല്‍ നല്കാന് തീരുമാനിച്ചത് സൗദി കേസ് തോറ്റുവെന്നതിന്റെ തെളിവാണെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യയെ കുറ്റവിമുക്തമാക്കുകയും വ്യാപാര സംഘടനാ റിപോര്‍ട്ടില്‍ തൃപ്തിപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കേണ്ട കാര്യമെന്താണെന്നും ഖത്തര്‍ വാണിജ്യ മന്ത്രാലയം ചോദിച്ചു.
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഔട്ട്ക്യു ഖത്തര്‍ സ്പോര്‍ട്സ് ചാനലായ ബിഇന്നിന്റെ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിക്കപ്പെട്ടുവെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുന്നതില്‍ സൗദി പൂര്‍ണമായും പരാജയപ്പെട്ടുവെന്നുമാണ് ലോകവ്യാപാര സംഘടനാ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
സുതാര്യവും നീതിയുക്തവുമായ നടപടി സ്വീകരിക്കാനുള്ള ഡബ്ല്യുടിഒ പാനലിന്റെ ഉത്തരവിന്റെ പ്രത്യാഘാതം ഒഴിവാക്കാനാണ് സൗദി ശ്രമിക്കുന്നതെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.