Thursday, June 17, 2021
Home Newsfeed ഖത്തറില്‍ മൃഗങ്ങള്‍ക്കു വേണ്ടി 95 മില്ല്യന്‍ റിയാല്‍ ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രം നിര്‍മിക്കുന്നു

ഖത്തറില്‍ മൃഗങ്ങള്‍ക്കു വേണ്ടി 95 മില്ല്യന്‍ റിയാല്‍ ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രം നിര്‍മിക്കുന്നു

ദോഹ: ഹമദ് തുറമുഖത്തും റുവൈസ് തുറമുഖത്തും മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആധുനിക ക്വാറന്റീന്‍ കേന്ദ്രം നിര്‍മിക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ആനിമല്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റാണ് 95 മില്ല്യന്‍ റിയാല്‍ ചെലവിലുള്ള അത്യാധുനിക കേന്ദ്രം സജ്ജീകരിക്കുന്നത്. അന്താരാഷ്ട്ര വെറ്ററിനറി നിലവാരത്തില്‍ നിര്‍മിക്കുന്ന കേന്ദ്രത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ ക്വാറന്റീന്‍ കേന്ദ്രം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി.

തുറമുഖം വഴി രാജ്യത്തേക്ക് എത്തുന്ന മൃഗങ്ങളെ മുഴുവന്‍ ആദ്യം ഈ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കാണ് മാറ്റുക. ഇവിടെ വച്ച് മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും പടരുന്ന രോഗങ്ങളും ഒഴിവാക്കുകയാണ് ക്വാറന്റീന്‍ കേന്ദ്രത്തിന്റെ ലക്ഷ്യം.

റുവൈസ് തുറമുഖത്തിന് സമീപത്തുള്ള കേന്ദ്രത്തിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടാവും. 16,000 ആടുകള്‍, 1,600 ഒട്ടകങ്ങള്‍, 2,600 പശുക്കള്‍ എന്നിവയെ ഉള്‍ക്കൊള്ളാനാവും. അറവുശാല ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാവും. ഹമദ് തുറമുഖത്തിന് സമീപം 90,000 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം ഒരുങ്ങുന്നത്. 40,000 അടുകള്‍, 2,000 ഒട്ടകങ്ങള്‍, 4,000 പശുക്കള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാവും.

Most Popular