Monday, July 26, 2021
Home Gulf Qatar ഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ഇനി ആറ് ദിവസം മാത്രം; നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കനത്ത പിഴ

ഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ഇനി ആറ് ദിവസം മാത്രം; നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കനത്ത പിഴ

ദോഹ: ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന് ഇനി ആറ് ദിവസം മാത്രം. ഈ മാസം 26 നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നത്. ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നേരത്തെ സമയ പരിധി നീട്ടി നല്‍കിയിരുന്നു. വിമാനയാത്രാ വിലക്ക് കാരണം നിലവില്‍ നാട്ടില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്ക് ഇളവുണ്ടാകും. മെട്രാഷ് വഴി നാട്ടില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ ഖത്തറില്‍ തിരിച്ചെത്തിയ ശേഷം ഈ കാലയളവില്‍ നാട്ടിലായിരുന്നുവെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.

മെട്രാഷ് 2 ആപ്പ് വഴിയോ, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയോ വിവരങ്ങള്‍ നല്‍കാവുന്നതാണ്. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളാണ് നല്‍കേണ്ടത്. എന്നാല്‍ പതിനെട്ടുവയസിനു മുകളില്‍ പ്രായമുള്ളവര്‍ സ്വന്തം നിലയില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് നിയമം ബാധകമാവില്ല.

എന്തൊക്കെ വിവരങ്ങള്‍ നല്‍കണം
ഖത്തറിലെ വിലാസം, ഇമെയില്‍ നമ്പര്‍, മൊബൈല്‍ ബമ്പര്‍, ഖത്തറില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍, നാട്ടിലെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. സമയപരിധിക്കകം രജിസ്ട്രേഷന്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ പതിനായിരം റിയാല്‍ വരെയാണ് പിഴ ശിക്ഷ ലഭിക്കുക.

മെട്രാഷ് 2 വഴി രജിസ്‌ട്രേഷന്‍ എളുപ്പം

 

മെട്രാഷ് ടു ഓപണ്‍ ചെയ്താല്‍ അതില്‍ ‘നാഷനല്‍ അഡ്രസ് ലോ’ എന്ന വിന്‍ഡോ ഉണ്ടാകും. അതില്‍ കയറിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് നിങ്ങള്‍ ഖത്തര്‍ ഐഡിയുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ തന്നെയാണ് ഫോണില്‍ ഉള്ളത് എന്ന് ഉറപ്പുവരുത്തണം. നിങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ ആ വിവരം മെട്രാഷ് തുറക്കുമ്പോള്‍ തന്നെ കാണിക്കും.

വിവരങ്ങള്‍ നല്‍കി മുന്നോട്ടുപോകുമ്പോള്‍ പൂരിപ്പിക്കേണ്ട കോളങ്ങളില്‍ ചുവന്നവര്‍ണം കാണിക്കുന്നുവെങ്കില്‍ കൊടുത്ത വിവരങ്ങളില്‍ തെറ്റുണ്ട് എന്നാണ്. മെട്രാഷ് ടു ആപ്പിന്റെ സേവനങ്ങള്‍ ലഭിക്കാനായി ആദ്യമായി ലോഗിന്‍ ചെയ്തപ്പോള്‍ നല്‍കിയ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയടക്കം വിവരങ്ങള്‍ നിലവില്‍ തന്നെയുണ്ടാകും. ഇതിന് പകരം താമസസ്ഥലത്തെ വിവരങ്ങള്‍ ചേര്‍ക്കുമ്പോഴാണ് ചുവന്ന വര്‍ണം കാണിക്കുക. അങ്ങനെ കാണിച്ചാല്‍ ആ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബില്‍ഡിങ് നമ്പര്‍, സ്ട്രീറ്റ് നമ്പര്‍, കഹ്‌റമ നമ്പര്‍, പോസ്റ്റ് ബോക്‌സ് നമ്പര്‍ എന്നിവ ചേര്‍ത്താല്‍ മതി. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈലിലേക്ക് സന്ദേശം വരും. കൊടുത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്താനുള്ള സംവിധാനവും മെട്രാഷിലുണ്ട്. ആഭ്യന്തര മന്ത്രാലയം ഇ- സര്‍വിസ് പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാനാകും.

സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങും; വിസ പുതുക്കാന്‍ കഴിയില്ല
2020 ജൂലൈ 26 വരെ രജിസ്‌ട്രേഷന്‍ പ്രക്രിയ തുടരും. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തും. നിശ്ചിത തിയ്യതിക്കകം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടക്കേണ്ടി വരും. കോടതിയിലെത്തും മുമ്പ് 5,000 റിയാല്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ അടച്ചാല്‍ കേസ് ഒത്തുതീര്‍പ്പിലെത്താം. നേരത്തെ രജിസ്റ്റര്‍ ചെയത വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ വെബ്‌സൈറ്റ് മുഖാന്തരം ഉടന്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം.

വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ പിഴ മാത്രമല്ല കാത്തിരിക്കുന്നത്, ഖത്തറില്‍ അവര്‍ക്ക് ലഭിക്കുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് തടസ്സം നേരിടുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്‍േറതടക്കമുള്ള ഒട്ടേറെ സേവനങ്ങള്‍ ഇനി മുതല്‍ പൂര്‍ത്തിയാക്കണമെങ്കിലും ലഭ്യമാകണമെങ്കിലും ആ വ്യക്തി ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കുന്നത് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കും.

Most Popular