Sunday, September 19, 2021
Home Ediotrs Pick ഫര്‍ണിഷ്ഡ് വില്ലകള്‍, വിളിപ്പുറത്ത് ഡോക്ടര്‍, ഐസ്‌ക്രീം സ്റ്റാന്റ്: അഫ്ഗാനില്‍ നിന്നെത്തിയവര്‍ക്ക് ലോക കപ്പ് കോംപൗണ്ടില്‍ സൗകര്യമൊരുക്കി...

ഫര്‍ണിഷ്ഡ് വില്ലകള്‍, വിളിപ്പുറത്ത് ഡോക്ടര്‍, ഐസ്‌ക്രീം സ്റ്റാന്റ്: അഫ്ഗാനില്‍ നിന്നെത്തിയവര്‍ക്ക് ലോക കപ്പ് കോംപൗണ്ടില്‍ സൗകര്യമൊരുക്കി ഖത്തര്‍

ദോഹ: അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിയ 500ഓളം പേര്‍ക്ക് ഖത്തര്‍ സൗകര്യമൊരുക്കിയത് 2022ലെ ലോക കപ്പിനുള്ള താമസ കേന്ദ്രത്തില്‍. ഏത് സമയത്തും ലഭ്യമായ ഡോക്ടര്‍, പിസിആര്‍ പരിശോധനാ സൗകര്യം, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ഉച്ചയ്ക്ക് ശേഷം തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്ന ഐസ്‌ക്രീം സ്റ്റാന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

വിദേശകാര്യ സഹമന്ത്രി ലുലുവ റാഷിദ് മുഹമ്മദ് അല്‍ ഖാത്തര്‍ താമസ സൗകര്യങ്ങള്‍ കോംപൗണ്ടിലെ ഓപറേഷന്‍ മുറിയിലിരുന്ന് നേരിട്ട് വിലയിരുത്തി. എല്ലാ രീതിയിലും സുരക്ഷിതത്വം ഉറപ്പാക്കിയാണ് താമസ കേന്ദ്രം ഒരുക്കിയിരിക്കുന്നതെന്ന് അല്‍ഖാത്തര്‍ പറഞ്ഞു. നിലവില്‍ 500ലേറെ പേരുള്ള ഈ കോമ്പൗണ്ട് ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ മറ്റൊരു കോമ്പൗണ്ട് കൂടി സജ്ജീകരിക്കുന്നുണ്ട്.

ഈ താമസ കേന്ദ്രത്തിനകത്ത് കുട്ടികള്‍ കളിക്കുന്നതിന്റെയും കൂട്ടംകൂടി ഐസ്‌ക്രീം കഴിക്കുന്നതിന്റെയും മറ്റും വീഡിയോ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് ചൊവ്വാഴ്ച്ച പുറത്തുവിട്ടിരുന്നു. പൂര്‍ണമായും ഫര്‍ണിഷ് ചെയ്തതും സൗകര്യപ്രദമായതുമാണ് താമസത്തിനുള്ള വില്ലകള്‍.

അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ താമസ കൗര്യവും ആരോഗ്യ പരിരക്ഷയും ഒരുക്കുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. സിവിലിയന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, അന്താരാഷ്ട്ര ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിത പാത ഖത്തര്‍ ഒരുക്കിയിട്ടുണ്ടെന്നും ജിസിഒ ട്വിറ്ററില്‍ അറിയിച്ചു.

Most Popular